തപാൽ ഉരുപ്പടികൾ ആക്രികടയിൽ ; പോസ്റ്റ് വുമണും ഭർത്താവും അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

തപാൽ ഉരുപ്പടികൾ ആക്രികടയിൽ ; പോസ്റ്റ് വുമണും ഭർത്താവും അറസ്റ്റിൽ


 തിരുവനന്തപുരം കാട്ടാക്കടയിലെ  ആക്രികടയിൽ നിന്നും 300 ൽ കൂടുതൽ  ആധാർ കാർഡുകൾ  കണ്ടെടുത്ത  സംഭവത്തിൽ കരകുളം പോസ്റ്റോഫീസിലെ പോസ്റ്റ് വുമണെയും ഭർത്താവിനെയും പോലീസ് അറസ്റ്റുചെയ്തു. കാട്ടാക്കട കഞ്ചിയൂർക്കോണം ശ്രീരാമവിലാസത്തിൽ കരകുളം പോസ്റ്റോഫീസിലെ താത്‌കാലിക പോസ്റ്റ് വുമൺ പ്രിയ(30), ഭർത്താവ് ഓട്ടോറിക്ഷാ ഡ്രൈവർ ജയേഷ് (36) എന്നിവരാണ് അറസ്റ്റിലായത്.  ഔദ്യോഗികരേഖകൾ  ആക്രിക്കാർക്കുവിറ്റ ജയേഷാണ് ഒന്നാംപ്രതി. 


2019 ജൂലായിലാണ് പ്രിയ കരകുളം പോസ്റ്റോഫീസിൽ താത്‌കാലികജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചത്. പ്രിയ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത്  പോസ്‌റ്റോഫീസിൽ ജോലിനോക്കിയിരുന്ന പോസ്റ്റ് വുമൺ കുറെ കത്തുകൾ ഇവരെ ഏല്പിച്ചിരുന്നു. ഈ കത്തുകളും  തുടർന്ന് തപാലിൽവന്ന ഉരുപ്പടികളുമാണ് കഴിഞ്ഞദിവസം ആക്രിക്കടയിൽ  നിന്നും കണ്ടെത്തിയത്. തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് കൈമാറുന്നതിൽ ഇവരുടെഭാഗത്ത്  വീഴ്ച സംഭവിച്ചതായും  ഓഫീസിൽ സൂക്ഷിക്കേണ്ട സാധനങ്ങൾ വീട്ടിൽ കൊണ്ടുവെച്ചതും കുറ്റമായി കണ്ടെത്തിയിട്ടുണ്ട്.  


സർക്കാർ രേഖകളാണെന്നറിഞ്ഞിട്ടും ഭാര്യയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ  ഭാര്യയറിയാതെ ബോധപൂർവമാണ് ഔദ്യോഗികരേഖകൾ ഭർത്താവ് ആക്രിക്കാർക്കുവിറ്റതെന്ന്‌ വ്യക്തമായതായി പോലീസ് അറിയിച്ചു. ഇവർക്കെതിരേ സർക്കാർ ഉദ്യോഗസ്ഥ പൊതുജനങ്ങൾക്ക് വിതരണംചെയ്യേണ്ട ഔദ്യോഗികരേഖകൾ പുറത്ത് വിൽപ്പനനടത്തി വിശ്വാസവഞ്ചന നടത്തിയെന്ന വകുപ്പാണ് ചുമത്തിയത്. തുടരന്വേഷണത്തിന് കേസ് കരകുളം പോസ്റ്റോഫീസ് സ്ഥിതിചെയ്യുന്ന അരുവിക്കര പോലീസിന്‌ കൈമാറി.  ജയേഷിനെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.


Post Top Ad