കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അനിൽ പനച്ചൂരാൻ മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽനിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ നിന്നും കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്കും അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രി എട്ടുമണിയോടെ മരണം സംഭവിച്ചു. കോവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മറ്റു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
പെട്ടെന്നുള്ള മരണത്തിൽ അസ്വാഭാവികതയുള്ളതായി ബന്ധുക്കളുട സംശയത്തെ തുടർന്നാണ് ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടത്തിന് നിർദേശിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിക്കുന്ന സമയം തീരുമാനിക്കും.