ജനുവരി 31 ന് നടക്കുന്ന പോളിയൊ തുള്ളി മരുന്ന് വിതരണത്തിന്റെ ഭാഗമായുള്ള ആലോചനയോഗം ആറ്റിങ്ങൽ നഗരസഭയിൽ നടന്നു. നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആറ്റിങ്ങൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 32 കേന്ദ്രങ്ങളാണ് തുള്ളി മരുന്ന് വിതരണത്തിനു സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് മരുന്ന് വിതരണം നടക്കുന്നത്. ഒരു ബൂത്തിൽ 2 ആശാവർക്കും 1 അങ്കനവാടി ടീച്ചറെയും നിയോഗിച്ചിട്ടുണ്ട്. ഇവർക്കുള്ള ബോധവൽക്കരണ ക്ലാസ് ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ നടത്തി.
സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചായിരിക്കും മരുന്ന് വിതരണം ചെയ്യുന്നത്. ബൂത്തുകളിൽ 1 സമയം 1 അമ്മക്കും കുഞ്ഞിനും മാത്രമെ പ്രവേശനം അനുവദിക്കു. ജനുവരി 31 ന് ശേഷം തൊട്ടടുത്ത 2 ദിവസങ്ങളിൽ വാർഡുതല ഭവന സന്ദർശനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങൾക്ക് അതാത് അങ്കനവാടികളിലെ ടീച്ചർമാരുമായൊ നഗരസഭയുമായൊ ബന്ധപ്പെടേണ്ടതാണ്.
കൊവിഡ് പ്രതിസന്ധിയിലും ഒരു വിട്ടുവീഴ്ചയും കൂടാത്ത പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ നഗരസഭ നടപ്പിലാക്കുന്നത്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്താൻ മതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർമാരായ എസ്. സുഖിൽ, വി.എസ്. നിതിൻ, സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.പി.എച്ച്.എൻ മാരായ ശ്രീജകുമാരി, സുമ, ശ്രീലത, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.