വാക്കുതർക്കത്തിനിടെ പോത്തന്‍കോട് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപാറ സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരനാണ് പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ മരിച്ചു. സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണന് പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.