പാലിയേറ്റീവ് കെയർ കിടപ്പ് രോഗിയായ വലിയകുന്ന് സ്വദേശി 72 കാരനായ ആർ.എസ് ഭവനിൽ രവീന്ദ്രൻ ആണ് കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ മരണപ്പെട്ടത്. രവീന്ദ്രൻ 2016 മുതൽ വലിയകുന്ന് ആശുപത്രിയിലെ സാന്ത്വന പരിചരണം വിഭാഗത്തിന്റെ പട്ടികയിൽ ഉൾപ്പെട്ട കിടപ്പ് രോഗിയായിരുന്നു. രവീന്ദ്രന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 25 ന് ഇയാളെയും കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ഇയാൾക്കും, 42 കാരി മരുമകൾക്കും, 8 വയസുകാരൻ ചെറുമകനും രോഗം സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനിൽ കഴിയുന്ന ഇവരെ ഈ മാസം 5 ന് വീണ്ടും സ്രവ പരിശോധനക്ക് വിധേയരാക്കാൻ ഇരിക്കവെയാണ് 72 കാരൻ മരണമടയുന്നത്.
മരണപ്പെട്ട 72 കാരന്റെ ഭാര്യ കൊവിഡ് ബാധിച്ചതിനെ തുടർന്ന് അകത്ത് മുറി എസ്.ആർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അച്ഛന്റെ മൃതദേഹം അമ്മയെ കാണിക്കണമെന്ന് മകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസുമായി സംസാരിച്ച് ഇവരെ കൊവിഡ് പ്രതിരോധ കവചമണിയിച്ച് ആംബുലൻസിൽ വീട്ടിലെത്തിച്ച് മൃതദേഹം കാണാനുള്ള സംവിധാനം ഒരുക്കി. കൂടാതെ മകനോടൊപ്പം മൃതശരീരം ഏറ്റെടുത്ത് സംസ്കരിക്കുന്നതിനുള്ള ദൗത്യം പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റെടുത്തു. ശവസംസ്കാരത്തിന് ശേഷം ജെ.എച്ച്.ഐ അഭിനന്ദിന്റെ നേതൃത്വത്തിൽ വീടും പരിസരവും ഡിസ് ഇൻഫെക്ഷൻ ടീം അംഗങ്ങളായ അജി, വിനോദ് എന്നിവർ അണുവിമുക്തമാക്കി.
നഗരത്തിലെ പന്ത്രണ്ടാമത് കൊവിഡ് മരണമാണ് ഇന്നലെ സംഭവിച്ചത്. അയൽവാസികളുടെ അനുവാദത്തോടെ വീട്ടുവളപ്പിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അതിനാൽ പരിസരവാസികൾക്ക് ഇക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.