നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ സ്മരണ ഉണർത്തി അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിൻകീഴിൽ നിർമിക്കുന്ന പ്രേംനസീർ സ്മാരക സാംസ്കാരിക നിലയത്തിന് സർക്കാരിൽനിന്ന് 1.32 കോടി രൂപകൂടി അനുവദിച്ച് ഉത്തരവായതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി അറിയിച്ചു. സാംസ്കാരിക നിലയത്തിന്റെ നിർമാണത്തിനായി വി ശശിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 96 ലക്ഷം രൂപയ്ക്ക് പുറമെയാണിത്.
മൂന്നു നിലകളിലായി 15,000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമിക്കുന്നത്. കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവയുൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കും. പാർക്കിംഗ് സൗകര്യവുമുണ്ടാകും. നാലുകോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമിക്കുന്നത്.