ആറ്റിങ്ങലിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു ; 3 സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 3, ബുധനാഴ്‌ച

ആറ്റിങ്ങലിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു ; 3 സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം

  ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങലിലെ  3 സ്വകാര്യ സ്ഥാപനങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം താൽക്കാലികമായി അടപ്പിച്ചു.  പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ മുത്തൂറ്റ് ഫിൻകോർപ്പ് എന്ന പണമിടപാട് സ്ഥാപനത്തിലെ 46 കാരനായ കിഴുവിലം സ്വദേശി മാനേജർക്കും, നഗരൂർ സ്വദേശിയായ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണം ഉണ്ടായതിനെ തുടർന്നാണ് ഇരുവരും പരിശോധനക്ക് വിധേയരായത്. രോഗം സ്ഥിരീകരിച്ച ഇവരെ ഹോം ഐസൊലേഷനിലേക്ക് മാറ്റി. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള 2 പേരെ ഹോം ക്വാറന്റൈനിൽ കഴിയാനും സ്ഥാപനം താൽക്കാലികമായി അടച്ചിടാനും നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.പാലസ് റോഡിലെ മണപ്പുറം ഫിനാൻസ് പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കരിച്ചയിൽ സ്വദേശി 27 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 3 ജീവനക്കാരെ വീട്ട് നിരീക്ഷണത്തിൽ കഴിയാനും, സ്ഥാപനം താൽക്കാലികമായി അടച്ചിടാനും നഗരസഭ നിർദ്ദേശിച്ചു.


വക്കം റഷീദ് റോഡിൽ പ്രവർത്തിക്കുന്ന സായി പെയിന്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ 30 കാരന് രോഗം സ്ഥിരീകരിച്ചു. നഗരൂർ സ്വദേശിയായ ഇയാളെ റൂം ഐസൊലേഷനിലേക്ക് മാറ്റി. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ കഴിയാനും സ്ഥാപനം താൽക്കാലികമായി അടച്ചിടാനും നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. 


ഇന്നലെയും ഇന്നുമായി പട്ടണത്തിൽ 2 വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ചു.  അടുത്ത ദിവസങ്ങളിലായി നഗരത്തിൽ രോഗികളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ നഗരവാസികൾ കർശന ജാഗ്രത പുലർത്തണം. കൂടാതെ ചില സ്ഥാപനങ്ങൾ രോഗവിവരം ബോധപൂർവ്വം മറച്ച് വക്കുന്നതായ പ്രവണത തുടരുന്നത് ഏറെ ആശങ്കാജനകമാണ്. ഇത്തരക്കാർക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കും. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതും തടഞ്ഞ് വക്കുന്നതുമായ നടപടികളെടുക്കാൻ അടിയന്തിര യോഗത്തിൽ തീരുമാനമായി. അതിനാൽ സ്ഥാപനത്തിലെ ജീവനക്കാർക്കൊ ഉടമക്കൊ രോഗം ബാധിച്ചാൽ ഉടനടി നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ഈ സ്ഥാപനങ്ങൾ സന്ദർശിച്ചവർ അതീവ കരുതൽ ജാഗ്രത പുലർത്തണമെന്ന്  ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.


നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഇൻസ്പെക്ടർ എസ്.എസ്. മനോജ് എന്നിവരുടെ നിർദ്ദേശപ്രകാരം  ജെ.എച്ച്.ഐ മാരായ സിദ്ദീഖ്, അഭിനന്ദ്, മുബാറക്ക് എന്നിവരുടെ സംഘമാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.Post Top Ad