ആശുപത്രിക്കിടക്കയിൽ നിന്നും ഒരു 'സഞ്ചാരിയുടെ ഡയറികുറിപ്പുകൾ' - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

ആശുപത്രിക്കിടക്കയിൽ നിന്നും ഒരു 'സഞ്ചാരിയുടെ ഡയറികുറിപ്പുകൾ'

 
യാത്രകളെ കുറിച്ച് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നു വരുന്ന  മുഖമാണ് സന്തോഷ്  ജോർജ് കുളങ്ങര. അദ്ദേഹത്തിന്റെ  ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി  പ്രചരിച്ചിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാൽ  ആശുപത്രി വാസത്തിനിടെ തന്റെ ലാപ്ടോപ്പിൽ  'സഞ്ചാരിയുടെ ഡയറികുറിപ്പുകൾ' എഡിറ്റിംഗ് ജോലി പൂർത്തിയാക്കുന്നതായിരുന്നു ആ ചിത്രം. അപ്രതീക്ഷിതമായി തന്നെ കടന്നാക്രമിച്ച രോഗത്തിന്റെ തീവ്രതയിലായിരിക്കുമ്പോഴും തന്റെ ജീവശ്വാസമായി കരുതുന്ന സഞ്ചാരത്തിന്റെ  അടുത്ത ആഴ്ചത്തേക്കുള്ള എല്ലാ പരിപാടികളും  തീർത്തുകൊടുത്തു. അദ്ദേഹത്തിന്റെ നിശ്ചയധാർട്യത്തിനു മുന്നിൽ ഡോക്ടർമാരുടെ  എതിർപ്പുകൾ എല്ലാം ദുർബലമായി. ജനുവരി 11-ന് പതിവ് വൈദ്യപരിശോധനയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം. പിത്തസഞ്ചിയില്‍ കല്ലുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ഗുരുതര പ്രശ്നമല്ലെങ്കിലും രോഗ തീവ്രത കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഡോക്ടർ   ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു. ഒരുപക്ഷെ അതൊരു തുടക്കമായിരുന്നു എന്നും പറയാം. ശസ്ത്രക്രിയക്ക് ശേഷം   പിറ്റേന്ന് ആശുപത്രി വിടാനിറങ്ങുമ്പോള്‍ ശ്വാസംമുട്ടലുണ്ടാകുകയും ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭാഗ്യം തുണച്ചു  കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്  ന്യൂമോണിയ ബാധിക്കുകയും പള്‍സ് റേറ്റ് കുറയുകയും ശ്വാസകോശത്തില്‍ രക്തം കെട്ടുകയുമെല്ലാമായി പിന്നീടുള്ള ദിവസങ്ങളില്‍ രോഗം ഗുരുതരമായി. ഒടുവിൽ ശ്വസിക്കാന്‍ വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വന്നു.


ഗുരുതരാവസ്ഥയിൽ ആശുപത്രികിടക്കയിലും പരിപാടിയുടെ എപ്പിസോഡുകൾ മുടങ്ങാതിരിക്കാൻ  ഡോക്ടർമാരുടെ എതിർപ്പുകളെയും അവഗണിച്ച കൊണ്ട് ഷൂട്ട്  ചെയ്ത ദൃശ്യങ്ങള്‍ ലാപ്ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിക്കുകയും രാത്രി വൈകിയിരുന്നും ജോലികള്‍ തീർത്തു. എന്നാൽ ശരീരം ഇതിനെ പ്രതികൂലമായി പ്രതികരിച്ചു. വേദന കൂടി, തുടർന്ന് നടത്തിയ പരിശോധനയിൽ   ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവിൽ രക്തസ്രാവം തടയാനായി ശനിയാഴ്ച  രാത്രി പത്ത് മണിയോടെ  അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. ഞായറാഴ്ച പകൽ കടന്നു പോയി.  ശസ്ത്രക്രിയക്ക് ശേഷം തിങ്കളാഴ്ചയോടെ ബോധം വന്ന അദ്ദേഹത്തോട് ഡോക്ടർ പറഞ്ഞു 'താങ്കൾ യുദ്ധം ജയിച്ചിരിക്കുന്നു , അഭിനന്ദനങ്ങൾ'. അതെ താങ്കൾ പുനരുജീവിച്ചു. 


ബുധനാഴ്ച വീണ്ടും അദ്ദേഹത്തിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും രോഗം മൂർച്ഛിക്കുകയും ചെയ്തു. ജീവിതത്തിനും മരണത്തിനുമിടയിലെ യാത്രയിൽ   ബോധം മറഞ്ഞപ്പോഴും അദ്ദേഹത്തിന്റെ ഉപബോധമനസ്സ് സഞ്ചരിക്കുകയായിരുന്നു. പോളണ്ടിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ ഗ്യാസ് ചേമ്പറിനുള്ളിൽ പോളിഷ് പൗരന്മാരോടും  ജൂതന്മാരോടും കമ്മ്യൂണിസ്റ്റ്കാരോടുമൊപ്പം   വിഷവാതകം ശ്വസിച്ച്, ശ്വാസം കിട്ടാതെ പിടഞ്ഞു   മരണത്തെ കാത്തിരിക്കുന്നതായുള്ള  ഭീതിതമായ തോന്നലുകളിലേക്കാണ് അദ്ദേഹത്തിന്റെ  ഉപബോധമനസ്  സഞ്ചരിച്ചത്.  ആ സഞ്ചാരത്തിനൊടുവിൽ   അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തി. 


യാത്രകളെ നിരന്തരമായി സ്നേഹിക്കുന്ന  സഞ്ചാര പ്രേമി ഇനിയും ജീവിതത്തിലും ഏറെ ദൂരം സഞ്ചരിക്കട്ടെ. യാത്ര വിവരങ്ങളും  അനുഭവങ്ങളുമായി  കാഴ്ചയുടെ വിരുന്നൊരുക്കാൻ അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ പുത്തൻ കാഴ്ചകളുടെ  ദൃശ്യാനുഭവങ്ങൾ  പങ്കുവക്കാൻ അദ്ദേഹം എത്തും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad