പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സമരം 14 ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പട്ടിക ദീര്‍ഘിച്ചെന്ന സർക്കാർ പ്രഖ്യാപനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്നും ഉദ്യോഗാർഥികൾ ഉന്നയിക്കുന്നു. സമരത്തിനിടെ ഉദ്യോഗാർഥികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച രണ്ടുപേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.
ജനുവരി 26 മുതലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾ ഇന്നലെ സമരവേദിയിലെത്തിയിരുന്നു. ഇതിനിടെയാണ് പി.എസ്.സി. പട്ടികയിലെ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീൺകുമാർ എന്നിവർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ഇരുവരും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ പോലീസ് ഇടപെട്ട് ഇവരെ സമരവേദിയിൽനിന്ന് അറസ്റ്റ് ചെയ്ത് മാറ്റി. തുടർന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.