സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലയിലെ മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കും. ഇവിടങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തും. പോസിറ്റീവ് കേസുകൾ കൂടുതലുള്ള സ്ഥലങ്ങളുടെ മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കും. വിവാഹ ചടങ്ങുകൾ, മറ്റു കൂടിച്ചേരലുകൾ എന്നിവയിൽ നിശ്ചിത എണ്ണത്തിലധികം ആളുകൾ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഓഡിറ്റോറിയം ബുക്ക് ചെയ്ത ആൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു. വായു സഞ്ചാരം കുറഞ്ഞതും, എന്നാല്‍ ആളുകള്‍ കൂടുതല്‍ എത്താൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.