നഗരസഭയും വലിയകുന്ന് താലൂക്കാശുപത്രിയും ജില്ലാ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ സെന്റിനിയൽ സർവ്വെയിൽ ആറ്റിങ്ങൽ സബ് ജയിലിലെ തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 39 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതിൽ 6 പേരുടെ സ്രവം വിദഗ്ധ പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച 25 കാരനെയും 27 കാരനെയും പ്രത്യേകം സജ്ജീകരിച്ച കൊവിഡ് സെല്ലിലേക്ക് മാറ്റി. പോസിറ്റീവായ തടവുകാരുമായി സമ്പർക്കത്തിൽ വന്ന സഹതടവുകാരെ ക്വറന്റീനിൽ പ്രവേശിപ്പിച്ചു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ജയിലും പരിസരവും അണുവിമുക്തമാക്കി.
പ്രതിരോധത്തിന്റെ ഭാഗമായി പട്ടണത്തിൽ വിവിധ കേന്ദ്രങ്ങളിലായി പരിശോധന ക്യാമ്പുകൾ നഗരസഭ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം തടവുകാരുടെ ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്താൻ പരിശോധന സംഘടിപ്പിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.