നൈട്രോസെൻ ലഹരി ഗുളികകളുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ജലീൽ (31), തിരുവനന്തപുരം മുട്ടത്തറ സ്വദേശി ആസിഫ് അലി (24) എന്നിവരാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്. അട്ടകുളങ്ങര – ഇഞ്ചക്കൽ റോഡിൽ കേരള വാട്ടർ അതോറിറ്റി സീവേജ് പമ്പ് ഹൗസിന് സമീപത്തു വച്ചാണ് ഓട്ടോ റിക്ഷയിൽ വിൽപനക്കായി കൊണ്ട് പോകവേ 100 നൈട്രോസെൻ ലഹരി ഗുളികകളുമായി പ്രതികളെ തിരുവനന്തപുരം ഡിവിഷൻ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു. ജലീൽ നിരവധി എൻ.ഡി.പി.എസ് കേസുകളിലെ പ്രതി കൂടിയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പി.ഒമാരായ ഹരികുമാർ, ഷാജഹാൻ, രാജേഷ് കുമാർ, സി.ഇ.ഒമാരായ രഞ്ജിത്ത്, സുബിൻ, ബിജു, ഷംനാദ്, ജിതേഷ്, ശ്രീലാൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കാൻ പാടില്ലാത്ത ഗുളികയാണ് നൈട്രോസെൻ. ഇത് ലഹരിമരുന്നായാണ് യുവാക്കൾക്കിടയിൽ വിൽപ്പന നടത്തി വരുന്നത്. മദ്യത്തിനൊപ്പം സേവിച്ചാൽ ദിനംതോറും ലഹരിക്ക് അടിമയായികരിക്കുമെന്നാണ് പ്രത്യേകത. അധികവും കോളേജ് വിദ്യാർത്ഥികളാണ് ഉപഭോക്താക്കൾ. ഈ ഗുളികയുടെ അമിത ഉപയോഗം ,നാഡീഞരമ്പുകളെ തളർത്തുകയും, കിഡ്നിയെ മാരകമായി ബാധി ക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടുകളിൽ പറയുന്നത്. 400 രൂപക്ക് വാങ്ങിക്കുന്ന 100 ടാബ്ലറ്റ് അടങ്ങിയ ഒരു ബോക്സ് ചില്ലറ വിപണിയിൽ 5000 രൂപക്കാണ് വിൽക്കുന്നത്. 4 രൂപ 60 പൈസ വില വരുന്ന ഒരു ഗുളിക 50 രൂപക്കാണ് വിൽക്കുന്നത്. ” ബട്ടൺ ” എന്ന കോഡുഭാഷയിലാണ് ഇവ വില്പന നടത്തുന്നത്.