ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങ് മാത്രമായി നടത്താൻ ഞായറാഴ്ച ചേർന്ന ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് യോഗത്തിൽ തീരുമാനമായി. ഭക്തരെ പങ്കെടുപ്പിച്ചുള്ള പൊങ്കാല സമർപ്പണം ഉണ്ടായിരിക്കുകയില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ക്ഷേത്ര വളപ്പില്‍ മാത്രം പൊങ്കാലയിടാമെന്നാണ് ക്ഷേത്ര ഭരണസമിതി നേരത്തെ തീരുമാനിച്ചത്. എന്നാൽ ക്ഷേത്ര പരിസരത്ത് മാത്രമായി പൊങ്കാലയ്ക്ക് സൗകര്യം ഒരുക്കിയാലും ഭക്തരുടെ എണ്ണം വർധിക്കാനും തിക്കും തിരക്കും ഉണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് പൊങ്കാല സമർപ്പണം പണ്ടാര അടുപ്പിൽ മാത്രമാക്കാൻ തീരുമാനിച്ചത്.
ഭക്തർക്ക് വീടുകളിൽ പൊങ്കാല ഇടാം. എന്നാൽ തലസ്ഥാനത്ത് പതിവുള്ള വിധം പൂജാരിമാരെത്തി പൊങ്കാലനിവേദ്യം നടത്തുന്നതല്ലെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 19-ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. 27-നാണ് പൊങ്കാല. 28-ന് രാത്രി കുരുതിയോടെ ഉത്സവം സമാപിക്കും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കുവാനും നേരത്തെ തീരുമാനിച്ചിരുന്നു. പണ്ടാര ഓട്ടം മാത്രം നടത്തും.