ആറ്റിങ്ങൽ നഗരത്തിൽ ഹരിത ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രീൻ ഈവന്റ് മാനേജ്മെന്റ് ടീമിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. പട്ടണത്തിന്റെ ശുചിത്വ പദവി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷണ പാചക വിതരണ രംഗത്ത് ഇത്തരം ന്യൂതന സംരംഭത്തിന് നഗരസഭ തുടക്കം കുറിച്ചത്.
തികച്ചും ഹരിത ചട്ടം പാലിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ പാത്രങ്ങൾ ഗ്ലാസുകൾ എന്നിവ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഭക്ഷണ വിതരണമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ടൗൺ യു.പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ഗ്രീൻ ടീമിന്റെ പാചകത്തിനും ഭക്ഷണ വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ നഗരസഭ കൈമാറി. സ്വകാര്യ മേഖലക്കും, വ്യക്തികൾക്കും നഗരസഭ നടപ്പിലാക്കിയ ഈ സംരഭത്തിന്റെ സേവനം ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, കൗൺസിലർ എസ്.സുഖിൽ, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ഹരിതമിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.