ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തെക്ക് കുവൈറ്റിൽ ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്കിന് ശേഷം ഫെബ്രുവരി 21 മുതല്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല. ഇവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് പ്രവേശിക്കാം.
താല്‍ക്കാലിക വിലക്കിനെ തുടര്‍ന്ന് ദുബൈയില്‍ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ഫെബ്രുവരി 21 മുതല്‍ കുവൈത്തിലേക്ക് യാത്ര തുടരാൻ സാധിക്കും. കുവൈത്തിലേക്കുള്ള വിമാനത്തില്‍ 35 യാത്രക്കാര്‍ക്ക് മാത്രമാണ് അനുമതി. എന്നാല്‍ കുവൈത്തില്‍ നിന്ന് പുറത്തേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. കുവൈത്തിലെത്തുന്നവര്‍ ഏഴ് ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനിലും ഏഴ് ദിവസം ഹോം ക്വാറന്റീനിലും കഴിയണം. വിമാനത്താവളത്തിലും, ഏഴാം ദിവസവും ആര്‍ടി പിസിആര്‍ പരിശോധനയും നടത്തണം.
നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനായി 43 ഹോട്ടലുകളാണ് കുവൈത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത് kuwaitmosafer.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് ക്വാറന്റീന് സൗകര്യത്തിന് അനുമതിയുള്ളത്. ആറ് രാത്രിയിലേക്കും ഏഴ് പകലിലേക്കും 120 ദിനാര്‍ മുതല്‍ 330 ദിനാര്‍ വരെയാണ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.