ആറ്റിങ്ങൽ നഗരത്തിൽ വീണ്ടും കൊവിഡ് മരണം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ വീണ്ടും കൊവിഡ് മരണം

 


ആറ്റിങ്ങൽ നഗരസഭ ഏട്ടാം വാർഡിൽ ടോൾമുക്ക് ശിവജി സദനത്തിൽ പരേതനായ രഘുനാഥന്റെ ഭാര്യ രത്നവല്ലി (83) കൊവിഡ് ബാധിച്ച് മരിച്ചു.  ഈ മാസം 3 ന് ശ്വാസതടസം ഉണ്ടായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ചിച്ചതിനെ തുടർന്ന് രാത്രി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. 


നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ നിർദ്ദേശപ്രകാരം ജെ.എച്ച്.ഐ സിദ്ദീഖ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം വിട്ട് കിട്ടാനുള്ള നടപടി പൂർത്തിയാക്കി. പ്രാദേശിക ഡി.വൈ.എഫ്.ഐ വോളന്റിയർമാർ കൊവിഡ് പ്രതിരോധ വസ്ത്രം ധരിച്ച് മൃതശരീരം ഏറ്റുവാങ്ങി നഗരസഭ ശാന്തിതീരം  ശ്‌മശാനത്തിൽ സംസ്കരിച്ചു.


പട്ടണത്തിൽ കൊവിഡ് അപഹരിക്കുന്ന പതിമൂന്നാമത്തെ ജീവനാണിത്. വൈറസ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളോടുള്ള നഗരവാസികളുടെ പൂർണ സഹകരണമാണ് വലിയൊരു ചെറുത്ത് നിൽപ്പിന് വഴിയൊരുക്കിയത്. തുടർന്ന് കഴിഞ്ഞ കാലങ്ങളിൽ രോഗികളുടെ എണ്ണം നാമമാത്രമാക്കാൻ സാധിച്ചു. എന്നാൽ അടുത്തിടെയായി ചിലരുടെ ജാഗ്രത കുറവും പ്രതിരോധ പ്രവർത്തനങ്ങളോടുള്ള നിസഹകരണ മനോഭാവവും വീണ്ടും നഗരത്തിന്റെ ആരോഗ്യ മേഖലയുടെ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്തുന്നു.


 ജനിതക മാറ്റം സംഭവിച്ച വൈറസ് പതിൻമടങ്ങ് ശക്തനാണ്, കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ നിരവധി മേഖലകൾ ഇന്ന് നഗരത്തിൽ സജീവമാണ്. ഉടനെയൊരു അടച്ച് പൂട്ടൽ നഗരത്തിന്റെ വിവിധ മേഖലകളെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കും. അതിനാൽ പൊതുജനങ്ങളും വ്യാപാര സ്ഥാപനങ്ങളും അതീവ ജാഗ്രത പുലർത്തണം. ഒരു കൊടിയ ദുരന്തത്തിൽ നിന്ന് പട്ടണത്തെ രക്ഷിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം നടത്തുന്ന വളരെ ശ്രമകരമായ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിക്കണമന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Post Top Ad