ചാത്തൻപാറ മുതൽ കടമ്പാട്ടുകോണംവരെ കർശന പരിശോധന ; ഫോട്ടോ ഉൾപ്പെടെ നോട്ടീസ് വീട്ടിൽ എത്തും - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ചാത്തൻപാറ മുതൽ കടമ്പാട്ടുകോണംവരെ കർശന പരിശോധന ; ഫോട്ടോ ഉൾപ്പെടെ നോട്ടീസ് വീട്ടിൽ എത്തും

 


ദേശീയപാതയിൽ ചാത്തൻപാറമുതൽ കടമ്പാട്ടുകോണംവരെ  പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.  റോഡ്‌ സുരക്ഷാ മാസാചാരണത്തിന്റെ ഭാഗമായി കല്ലമ്പലം പൊലീസും മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്നാണ് വാഹന  പരിശോധന നടത്തുന്നത്.  കഴിഞ്ഞയാഴ്ച കാറും മിനി ലോറിയും കൂട്ടിയിടിച്ച്  അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞതും ഈ മേഖലയിലാണ്. അപകടങ്ങൾ തുടർക്കഥയാകുന്ന ഈ മേഖലയിൽ  2020ൽ മാത്രം നിരവധി അപകടങ്ങളിൽ  അറുപതോളംപേർക്ക്‌ ഗുരുതരമായി പരുക്കുപറ്റി. ഇപ്പോഴും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരാൻ കഴിയാതെ പലരും ചികിത്സയിൽ തുടരുകയാണ്. 


അമിതവേഗം, അപകടകരമായി വാഹനം ഓടിക്കൽ, നിരോധിത മേഖലയിൽ ഓവർ ടേക്കിങ്, റോഡിലെ ലൈനുകളും ട്രാഫിക് ബോർഡുകളും ധിക്കരിച്ചുള്ള ഡ്രൈവിങ്, ഹൈൽമറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബൽറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. കഴിഞ്ഞദിവസത്തെ പരിശോധനയിൽ  നിയമലംഘനം നടത്തിയതായി കണ്ടെത്തിയവരെ താക്കീത് നൽകി വിട്ടയച്ചിരുന്നു. എന്നാൽ, ഇന്ന് മുതൽ പരിശോധന കർശനമാക്കുകയും പിഴ ഈടാക്കാനും ഗുരുതര നിയമ  ലംഘനം കണ്ടെത്തുന്നവരെ കോടതി നടപടികൾക്ക് വിധേയമാക്കാനുമാണ് തീരുമാനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് നോട്ടീസ് നൽകി ലൈസൻസ് സസ്പെൻഡ് ചെയ്യും. 


വാഹനം കൈകാണിച്ചില്ലെങ്കിലും  വാഹന ഉടമയ്ക്ക് ഫോട്ടോ ഉൾപ്പെടെയുള്ള നോട്ടീസ് ലഭിക്കുന്ന ഇ– ചെലാൻ ആപ്ലിക്കേഷനാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇതോടൊപ്പം വാഹനത്തിന്റെ ഉടമയ്ക്ക് കുറ്റത്തിന്റെ വിവരങ്ങളും ഫൈനും എസ്എംഎസ് ആയി ലഭിക്കുകയും ചെയ്യും.  കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ ഫറോസ്, സേഫ് കേരള എൻഫോഴ്സ്‌‌മെന്റ്‌ തിരുവനന്തപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്  ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്  വാഹന പരിശോധന നടത്തുന്നത്.

  

Post Top Ad