കഴക്കൂട്ടം പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ ഗുണ്ടാക്രമണത്തിൽ വ്യാപാരിക്ക് കുത്തേറ്റു. സി.ആർ.പി.എഫ് ജംഗ്ഷനിൽ ട്രാവൻകൂർ ബേക്കറി നടത്തുന്ന സജാദിനാണ് ഗുണ്ടാക്രമണത്തിൽ കഴുത്തിലും കൈയിലും തോളിലും വയറിലും കുത്തേറ്റത്. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ഷാനവാസ് എന്നുവിളിക്കുന്ന ഷാനുവിനെ മംഗലപുരം പൊലീസ് തിരയുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കാറിലെത്തിയ ഷാനു ആദ്യം മാർക്കറ്റിൽ പച്ചക്കറി കടക്കാരനുമായി വാക്കു തർക്കം ഉണ്ടാകുകയും തുടർന്ന് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കടയിൽ അതിക്രമിച്ചു കയറി സാജിദിനെ കുത്തി വീഴ്ത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സജാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പും സമാന രീതിയിൽ പരിസരത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഭീതി പടർത്തിയിട്ടും ഒട്ടനവധി പരാതികൾ ഇയാൾക്കെതിരെ മംഗലാപുരം പൊലീസിൽ നൽകിയിട്ടും മംഗലപുരം പൊലീസ് ഇയാൾക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.