ആറ്റിങ്ങലിൽ സാന്ത്വന സ്പർശം അദാലത്തിന് തുടക്കമായി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

ആറ്റിങ്ങലിൽ സാന്ത്വന സ്പർശം അദാലത്തിന് തുടക്കമായി

 


സാന്ത്വന സ്പർശം അദാലത്തിന് ആറ്റിങ്ങലിൽ തുടക്കമായി. പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ്  സംസ്ഥാന സർക്കാർ സാന്ത്വന സ്പർശം  അദാലത്ത് സംഘടിപ്പിക്കുന്നത്.   വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കുന്നതിനായാണ് ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ  ഇന്ന്  അദാലത്ത് നടക്കുന്നത്.  

 

രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്.  ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലെ പരാതികൾ പരിശോധിക്കും. അക്ഷയ സെന്റർ മുഖേനയും ഓൺലൈനായി നേരിട്ടും 604 പരാതികൾ വർക്കല താലൂക്കിലും  913 പരാതികൾ  ചിറയിൻകീഴ് താലൂക്കിലും ലഭിച്ചു . മുൻകൂട്ടി ലഭിച്ച പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കിയിട്ടുണ്ട്. ഇവ അപേക്ഷകന് വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ വഴി നേരിട്ടു നൽകും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളടക്കം മന്ത്രിമാർ തീർപ്പാക്കേണ്ടവയിൽ പ്രത്യേക ടോക്കൺ നൽകി മന്ത്രിമാരുടെ അടുത്തേയ്ക്ക് അയക്കും.


കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അദാലത്ത് നടക്കുന്നത്. സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരക്കുണ്ടാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പരാതികളുടെ സ്വഭാവമനുസരിച്ച് അതതു വകുപ്പുകളുടെ സ്റ്റാളിൽ ഡോക്കറ്റ് നമ്പർ നൽകി പരാതികളുടെ തീർപ്പ് സംബന്ധിച്ച മറുപടി കൈപ്പറ്റാവുന്നതാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 


മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സാന്ത്വന സ്പർശം അദാലത്താണ് ആറ്റിങ്ങലിലേത്.  വി. ജോയി എം.എൽ.എ, ബി. സത്യൻ എം.എൽ.എ, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. കുമാരി, ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


Post Top Ad