കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ ഡീസൽ പമ്പുകളിൽ നിന്നും ഇനി മുതൽ പൊതു ജനങ്ങൾക്കും ഇന്ധനം നിറക്കാം. ഇത്രയും കാലം കെഎസ്ആർടിസിയുടെ കൺസ്യൂമർ പമ്പുകളിൽ നിന്നും കെഎസ്ആർടിസിക്ക് മാത്രമായിരുന്നു ഇന്ധനം നിറയ്ക്കാൻ കഴിഞ്ഞിരുന്നത്. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കെഎസ്ആർടിസിയുടെ 67 ബസ് സ്റ്റേഷനുകളിലും ആരംഭിക്കുന്ന പെട്രോൾ ഡീസൽ പമ്പുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള ധാരണപത്രത്തിൽ കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും ചേർന്ന് ധാരണാ പത്രം ഒപ്പു വെച്ചു. 150 കോടി രൂപ ചിലവഴിച്ചാണ് ഐഒസി കെഎസ്ആർടിസിയുമായി സഹകരിക്കുന്നത്.
ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇപ്പോൾ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും യാത്രക്കാർക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്റ്റേരിയ സൗകര്യവും ഒരുക്കും.