കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം നഗരസഭ കൗൺസിലർമാർ ഏറ്റെടുത്ത് സംസ്കരിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 24, ബുധനാഴ്‌ച

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം നഗരസഭ കൗൺസിലർമാർ ഏറ്റെടുത്ത് സംസ്കരിച്ചു

 


ആറ്റിങ്ങൽ നഗരസഭ വാർഡ് 28 തോട്ടവാരം സ്വദേശി കുഴിയിൽ വീട്ടിൽ 84 കാരി സരോജിനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസം വീടിന് സമീപം വഴുതി വീണ് ഇവരുടെ കാലിന് പൊട്ടൽ സംഭവിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും കാലിലെ ശസ്ത്രക്രിയക്ക് ശേഷം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 4 ദിവസത്തെ കിടത്തി ചികിൽസക്ക് വേണ്ടി പ്രവേശിപ്പിച്ചിരുന്നു. ഈ മാസം ആദ്യ വാരത്തോടെ തിരികെ വീട്ടിലെത്തിയ സരോജിനി ഫെബ്രുവരി 10 ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ സാന്ത്വനം പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നു. പട്ടികയിലേക്ക് പേര് ചേർത്ത് ചികിൽസ ലഭ്യമാക്കുന്നതോടൊപ്പം ആശുപത്രി അധികൃതർ ഇവരെ കൊവിഡ് പരിശോധനക്ക് വിധേയയാക്കി. ഫെബ്രുവരി 11 ന് ലഭിച്ച പരിശോധന ഫലത്തിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ സരോജിനി മരണപ്പെട്ടു. കൗൺസിലറും മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ.രാജു മരണ വിവരം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയെ അറിയിക്കുകയും ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം കൗൺസിലർമാരായ ആർ.രാജു, എസ്. സുഖിൽ, വി.സ്.നിതിൻ എന്നിവർ കൊവിഡ് പ്രതിരോധ വസ്ത്രമണിഞ്ഞ് നഗരസഭ പൊതു ശ്മശാനത്തിൽ മൃതശരീരം സംസ്കരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും ആയിരുന്നു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീറിന്റെ നേതൃത്വത്തിൽ മരണപ്പെട്ടയാളുടെ വീട്ടിലെത്തി വിവര ശേഖരണം നടത്തി. തുടർന്ന് വീടും, ശ്മശാനവും പരിസരവും അണുവിമുക്തം ആക്കുകയും ചെയ്തു.


നഗരത്തിൽ പതിനഞ്ചാമത്തെ കൊവിഡ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മൃതശരീരം സംസ്കരിക്കുന്ന ദൗത്യം ഏറ്റെടുത്ത നഗരസഭ കൗൺസിലർമാർ ഈ പട്ടണത്തിന്റെ അഭിമാനമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നഗരസഭയും കൗൺസിലും സ്വീകരിക്കുന്നത് മാതൃകാപരമായ നിലപാടുകളാണ്. നഗരവാസികൾ അതീവ ജാഗ്രത പുലർത്തി ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു.

Post Top Ad