സാന്ത്വനസ്പര്‍ശം അദാലത്ത് ഫെബ്രുവരി 9ന് ആറ്റിങ്ങല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ വച്ച് നടക്കും. വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളില്‍ നിന്നുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. രാവിലെ 9 മണി മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കില്‍ നിന്നുള്ള അപേക്ഷകളും, 2 മുതല്‍ 5. 30 വരെ ചിറയിന്‍കീഴ് താലൂക്കില്‍ നിന്നുമുള്ള അപേക്ഷകളുമാണ് പരിഗണിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്കാന് സാധിക്കാത്തവര്‍ക്ക്, നേരിട്ട് അപേക്ഷ നല്കാന് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അദാലത്ത് വേദിയായ ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ദിവസം ബി.സത്യന് എം. എല്‍. എ യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അദാലത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
കിടപ്പുരോഗികള്‍, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവര്‍, ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും അദാലത്ത് നടക്കുന്ന വേദികളിലേക്കു നേരിട്ട് എത്തരുതെന്നും പകരം പ്രതിനിധികൾ മതിയായ രേഖകള്‍ സഹിതം ഹാജരായാൽ മതിയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ അദാലത്ത് കേന്ദ്രങ്ങളില്‍ കൊണ്ടുവരുന്നതിന് അനുവദിക്കില്ല. നിശ്ചിത എണ്ണം ആളുകളെ വീതം ടോക്കണ്‍ നല്കി അദാലത്ത് ഹാളിലേക്കു പ്രവേശിപ്പിക്കും. ബാക്കിയുള്ളവര്‍ക്കു വിശ്രമിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഓരോ വകുപ്പിനും പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. വാഹന പാര്‍ക്കിംഗിനായി ആറ്റിങ്ങല്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് നടത്തുക.