ആറ്റുകാൽ പൊങ്കാല, കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കണമെന്നു ജില്ലാ കളക്ടർ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 21, ഞായറാഴ്‌ച

ആറ്റുകാൽ പൊങ്കാല, കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കണമെന്നു ജില്ലാ കളക്ടർ


ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും കൈകൾ സാനിറ്റൈസ് ചെയ്യുന്നതിലും തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഉത്സവം അവസാനിക്കുന്നതുവരെ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ ആറ്റുകാൽ ക്ഷേത്രത്തിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചതായും കളക്ടർ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല ഇടാൻ അനുവദിക്കില്ല. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയും ഉറപ്പാക്കണം. കാപ്പുകെട്ടി കുടിയിരുത്തുന്നതു മുതലുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടമില്ലാതെ ക്ഷേത്ര ചടങ്ങുകൾ മാത്രമായാണു നടത്തുന്നതെന്നു ക്ഷേത്ര ഭരണ സമിതി അറിയിച്ചിട്ടുണ്ട്.

പൊങ്കാല ദിവസം വീടുകളിൽ പൊങ്കാലയിടുമ്പോഴും സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. പൊങ്കാലയുമായി ബന്ധപ്പെട്ട ക്ഷേത്ര ചടങ്ങുകൾ ടെലിവിഷനിലെ തത്സമയ സംപ്രേഷണത്തിലൂടെ ഭക്തർക്കു കാണാവുന്നതാണ്. പൊങ്കാലയിട്ടശേഷം ഭക്തർ ക്ഷേത്രത്തിലേക്ക് കൂട്ടമായി എത്തുന്നതും നിർബന്ധമായി ഒഴിവാക്കണമെന്നു കളക്ടർ പറഞ്ഞു.

തിരക്കു നിയന്ത്രിക്കുന്നതിനു ക്ഷേത്ര പരിസരത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം. ക്ഷേത്രത്തിലേക്ക് ഭക്തർ പ്രവേശിക്കുന്നതിനു മുൻപായി തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കും. സാനിറ്റൈസറും നൽകും. കോവിഡ് ചട്ടങ്ങൾ പാലിക്കുന്നതു സംബന്ധിച്ച് ക്ഷേത്ര പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും അറിയിപ്പുകൾ പ്രദർശിപ്പി ക്കും. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്റ്റേജ് കെട്ടിയുള്ള പരിപാടികളും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ പൊലീസ് പ്രത്യേക ശ്രദ്ധിക്കും. ക്ഷേത്ര പരിസരത്ത് നിലവിലുള്ള കച്ചവട സ്ഥാപനങ്ങൾക്കു പുറമേ പുതുതായി കടകൾ തുറക്കാൻ അനുവാദം നൽകില്ല.

ഉത്സവം അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിൽ പൂർണ സജ്ജമായ മെഡിക്കൽ സംഘം ക്ഷേത്ര പരിസരത്ത് ക്യാംപ് ചെയ്യും. മരുന്ന്, ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ശുചിമുറികൾ സജ്ജമാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിനോടകം പൂർത്തിയായി. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഉത്സവ കാലയളവിൽ ഹരിത ചട്ടം കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.

Post Top Ad