നെടുമങ്ങാട് കല്ലമ്പാറയിലെ ശാന്തിതീരം പൊതുശ്മശാനത്തിൽ ശവസംസ്കാരത്തിനിടെ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് അപകടം . വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ശ്മശാനത്തിലെ ജീവനക്കാരനും മരിച്ചയാളുടെ ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്ക് പൊള്ളലേറ്റു. ശ്മശാനത്തിലെ താത്കാലിക ജീവനക്കാരനായ റോമേഷിന് ഗുരുതരമായി പൊള്ളലേറ്റു. ശവസംസ്കാരച്ചടങ്ങുകൾക്കെത്തിയ മറ്റു നാലുപേർക്കും കാര്യമായ പരിക്കുകളും പൊള്ളലുമുണ്ട്. പൊള്ളലേറ്റ അഞ്ചുപേരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ശവസംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി.
കല്ലയം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അന്തിമോപചാരച്ചടങ്ങുകൾ കഴിഞ്ഞ് മൃതശരീരം ഗ്യാസ് അടുപ്പിലേക്കു മാറ്റിയ ശേഷം ജീവനക്കാർ ഗ്യാസ് പ്രവർത്തിപ്പിക്കാൻ തുടങ്ങവേയാണ് പൊട്ടിത്തെറിയുണ്ടായത്. ശവസംസ്കാരത്തിന് രണ്ട് യൂണിറ്റുകൾ ഉള്ളതിനാൽ ശാന്തിതീരത്തിൽ ശവസംസ്കാരച്ചടങ്ങുകൾ നിർത്തിവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു.