ഗുരുതരമല്ലാത്ത കുറ്റകൃത്യം ചെയ്യുന്നവർക്കു നൽകുന്ന ലഘുശിക്ഷയായ നല്ല നടപ്പ് ജാമ്യത്തിനു സംസ്ഥാന സർക്കാർ പുതിയ നയം രൂപീകരിച്ചു. നയം മന്ത്രിസഭ അംഗീകരിച്ചു. കുറ്റകൃത്യം കുറഞ്ഞ സമൂഹം രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നയം രൂപീകരിച്ചത്. ജയിലിലും ദുർഗുണ പരിഹാര പാഠശാലയിലും അവധിക്ക് അപേക്ഷിക്കുന്നവർ സൽസ്വഭാവികളാണെങ്കിൽ 15 ദിവസം വരെ അധിക അവധി നൽകും. ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് ജീവനോപാധി കണ്ടെത്താൻ പരിശീലനം നൽകുകയും ചെയ്യും. കുറ്റകൃത്യത്തിനിരയാകുന്നവരെ മാനസിക, സാമൂഹിക, സാമ്പത്തിക, ദുരിതത്തിൽ നിന്നു സംരക്ഷിക്കുന്നതിനൊപ്പം കൗൺസിലിങ് അടക്കമുള്ള ചികിത്സയും ഇവർക്ക് ഉറപ്പാക്കുകയും ചെയ്യും.