ട്രഷറി സോഫ്റ്റ്വെയറില് വീണ്ടും പിഴവ്. കടയ്ക്കാവൂര്‍ സബ് ട്രഷറിയിലും തിരുവനന്തപുരം ജില്ല ട്രഷറിയിലുമാണ് സോഫ്റ്റ്വെയര് പിഴവ് കാരണം അധിക തുക ഇടപാടുകാരുടെ അക്കൗണ്ടുകളിലെത്തിയത്. കടയ്ക്കാവൂര്‍ ട്രഷറിയില്‍ സ്ഥിര നിക്ഷേപമിട്ടയാള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. സബ് ട്രഷറിയിൽ കഴിഞ്ഞ മാസം 30ന് 366 ദിവസത്തേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കാണ് തൊട്ടടുത്ത ദിവസം ഒന്നര ലക്ഷം പലിശ കിട്ടിയത്. ശനിയാഴ്ച (ജനുവരി 30) പണം നിക്ഷേപിച്ചപ്പോൾ തിങ്കളാഴ്ച (ഫെബ്രുവരി 1) ഒന്നരലക്ഷം രൂപ അക്കൗണ്ടിൽ വന്നു. ഇൻകംടാക്സായി 12,500 രൂപ പിൻവലിക്കുകയും ചെയ്തു. ഇതെങ്ങനെയെന്ന് നിക്ഷേപക അന്വേഷിച്ചപ്പോഴാണ് വൻ പിഴവ് വെളിച്ചത്തായത്. ഡാറ്റാ എന്‍ട്രിയില്‍ ജീവനക്കാരന് വന്ന പിശകാണെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് കടയ്ക്കാവൂര്‍ ട്രഷറി അധികൃതരുടെ വിശദീകരണം.
മരിച്ചയാളുടെ നോമിനിക്ക് പണം കൈമാറിയപ്പോഴാണ് തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ പിഴവുണ്ടായത്. 1,48,000 രൂപ കൈമാറേണ്ട സ്ഥാനത്ത് 1,52,000 രൂപയാണ് കൈമാറിയത്. വഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം സോഫ്റ്റ് വെയർ എല്ലാം പരിഷ്ക്കരിച്ചുവെന്ന വാദമാണ് പൊളിയുന്നത്. അടിക്കടിയുണ്ടാകുന്ന ട്രഷറി സോഫ്റ്റ് വെയർ പിഴവുകള്‍ക്കെതിരെ വലിയ ആക്ഷേപമുയരുന്നതിനിടെയാണ് വീണ്ടും ഇത്തരത്തിലുള്ള പിഴവ് സംഭവിക്കുന്നത്.