ആറ്റിങ്ങലിൽ മന്ത് രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ആറ്റിങ്ങലിൽ മന്ത് രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

 


മന്ത് രോഗ നിവാരണ യജ്ഞത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയും ജില്ലാ ആരോഗ്യ വിഭാഗവും സംയുക്തമായി പട്ടണത്തിൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  ക്യാമ്പിന്റെ  നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവഹിച്ചു.  പരവൂർകോണം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ 6, 7, 9 വാർഡുകളിലെ 5 മുതൽ 12 വയസ് വരെയുള്ള കുട്ടികളെയാണ് രക്ത പരിശോധനക്ക് വിധേയരാക്കിയത്. രാത്രി 8 മണി മുതൽ 10.30 വരെയാണ് രക്തം പരിശോധനക്ക് ശേഖരിച്ചത്. 


മന്ത് രോഗം പരത്തുന്ന കൊതുകുകളുടെ സാന്നിദ്ധ്യം രാത്രികാലങ്ങളിൽ മാത്രം ഉണ്ടാകുന്നതിനാലാണ് നിശ പരിശോധന സംഘടിപ്പിച്ചത്. രാത്രി രക്ത പരിശോധന നടത്തിയ തിരഞ്ഞെടുത്ത 10 കുട്ടികളുടെ വീടുകൾ ആരോഗ്യ പ്രവർത്തകർ രാവിലെ കൃത്യം 6 മണിക്ക് സന്ദർശിച്ച് വീട്ടിലും പരിസരങ്ങളിൽ കാണപ്പെടുന്ന കൊതുകിനെ ശേഖരിച്ച് വിദഗ്‌ദ്ധ ലാബ് പരിശോധനക്ക് അയക്കും. ഇത്തരം പരിശോധനകളിൽ കുട്ടികളിൽ രോഗം കണ്ടെത്തിയാൽ തുടർച്ചയായ 12 ദിവസം മന്ത് നിവാരണ മരുന്ന് നൽകുകയും രോഗം പൂർണമായും ഭേദമാക്കാനും സാധിക്കും. കൊതുകുകളിൽ നടത്തുന്ന പരിശോധനയിൽ രോഗം പരത്തുന്ന ക്യൂലെക്സ് ഇനങ്ങളെ കണ്ടെത്തിയാൽ ഈ പ്രദേശവും അനുബന്ധ സ്ഥലങ്ങളിലും കാര്യക്ഷമമായ രോഗ നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ 2025 നുള്ളിൽ സമ്പൂർണ മന്ത് രഹിത മേഖലയാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് ഓഫീസർ രാജേന്ദ്രൻ രോഗ നിവാരണ ബോധവൽക്കരണ ക്ലാസ് നടത്തി.


നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, പെതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർ കെ.പി. രാജഗോപാലൻ പോറ്റി, വെക്ടർ കൺട്രോൾ യൂണിറ്റ് അംഗങ്ങളായ പ്രശാന്ത്, ശ്രീജിത്ത്, വിപിൻ, ഗിരീഷ്, ആശാവർക്കർമാരായ നിത്യ, രശ്മി, തുളസി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Post Top Ad