ടിപ്പർ ലോറി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 2, ചൊവ്വാഴ്ച

ടിപ്പർ ലോറി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ടിപ്പർ ലോറി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ വൈകിട്ട് 4ന് ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. 


സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് : ഇന്നലെ വൈകുന്നേരം അംജിത് ഉൾപ്പെടെ മൂന്നംഗ സംഘം പാലോട് ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിലെ കല്ലുമല വനമേഖലയിൽ ഓട്ടോയിലെത്തുകയും തുടർന്ന് ഫോൺ ചെയ്യുന്നതിനായി അംജിത് വനത്തിലുള്ളിലേക്കു നടന്നു. തിരികെ എത്താത്തതിനെത്തുടർന്നു  ഡ്രൈവറും കൂട്ടുകാരനും അന്വേഷിച്ചു ചെല്ലുമ്പോൾ ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരിച്ചെന്ന് മനസിലാക്കിയതിനെ തുടർന്ന്   പൊലീസിൽ വിവരമറിയിച്ചുവെന്നുമാണ്  മറ്റു രണ്ടുപേരും  പൊലീസിനോടു പറഞ്ഞത്.  പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


 ഇയാൾ ധരിച്ചിരുന്ന കൈലിമുണ്ടാണ് തൂങ്ങാൻ ഉപയോഗിച്ചത്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം. ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്.  കൊടുംവനത്തിലുള്ളിലേക്കു ഓട്ടോയിൽ വന്നതും സംശയത്തിനു കാരണമായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് ഭാഷ്യം. തൂങ്ങാൻ ഉപയോഗിച്ച കൈലിമുണ്ട് കെട്ടിയിരിക്കുന്നത് വളരെ താഴ്ന്ന നിലയിലാണ്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു പറ‍ഞ്ഞു. ഇന്നു വിദഗ്ധ സംഘമെത്തി വിശദ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും.


Post Top Ad