കാഴ്ചവൈകല്യമുള്ള വോട്ടർമാർക്കും വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി പരസഹായമില്ലാതെ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു.
കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ ഉണ്ടായിരിക്കും. അതിൽ സ്ഥാനാർഥികളുടെ പേരും ബ്രെയിലി ലിപിയിൽ ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങൾ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടർക്ക് വോട്ടിംഗ് കമ്പാർട്ട്മെൻറിൽ പോകാം.
വോട്ടിംഗ് കമ്പാർട്ട്മെൻറിനുള്ളിൽ ഇ.വി.എം മെഷീനിൽ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയിൽ സീരിയൽ നമ്പർ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം.