ആറ്റിങ്ങൽ കോളേജ് റോഡിൽ എ.പി.എ.സി ക്ലബിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്ത് വശത്ത് പാർക്ക് ചെയ്തിരുന്ന ബുളളറ്റ് ഇടിച്ച് മറിച്ചിട്ടു. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായി തകർന്നു. ആർക്കും പരിക്കുകളില്ല. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെയുള്ള 2 പേർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പോലീസിനോട് പരാതിപ്പെട്ടു. എ.പി.എ.സി ക്ലബിലെ വയലിൻ അധ്യാപകൻ സഞ്ജീവിന്റെതാണ് ബുള്ളറ്റ്. തച്ചൂർകുന്ന് നിന്ന് ഇന്നലെ വൈകുന്നേരം 6 മണിയോടു കൂടി ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഒരു തവണ വട്ടം ചുറ്റിയാണ് റോഡിന് കുറുകെ കാർ നിന്നത്. മറ്റ് വാഹനങ്ങളും കാൽ നടയാത്രക്കാരും അപകട സമയത്ത് ഇതിലെ കടന്ന് പോകാത്തത് വൻ ദുരന്തം ഒഴിവാക്കി. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഏകദേശം 10000 രൂപയുടെ നഷ്ട്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.