നഗരസഭ 8ാം വാർഡിൽ അവനവഞ്ചേരി അമ്മൻകോവിൽ ഇടവഴിയിലാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ ആർ.എസ് അനൂപ് സ്ഥലത്തെത്തി സമീപത്ത് സ്ഥാപിച്ചിരുന്ന സ്നേഹ റസിഡൻസ് അസോസിയേഷന്റെ സുരക്ഷ ക്യാമറയിൽ നിന്ന് ശേഖരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ പോലീസിന് കൈമാറി. കൂടാതെ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയെ വിവരമറിയിക്കുകയും ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം നഗരസഭ ആരോഗ്യ വിഭാഗം റോഡും ഓടയും പരിസരവും അണുവിമുക്തമാക്കി.
രണ്ട് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന 100 മീറ്റർ നീളമുള്ള ഇടറോഡാണിത്. ഈ പ്രദേശത്ത് അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നു. കൂടാതെ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ, സ്വകാര്യ ട്യൂഷൻ സെന്റെറുകൾ, ഹൈന്ദവ ആരാധാനലയം തുടങ്ങിയവ ഇവിടെ സ്ഥിതി ചെയ്യുന്നു. ആയിരക്കണക്കിന് പൊതുജനങ്ങളും വിശ്വാസികളും വിദ്യാർത്ഥികളുമാണ് കാൽനടയാത്രക്ക് ഈ പാത ഉപയോഗിക്കുന്നത്.
2 വർഷങ്ങൾക്ക് മുമ്പ് സാമൂഹ്യ വിരുദ്ധരിൽ ചിലർ കക്കൂസ് മാലിന്യം ഇവിടെ ഒഴുക്കിയിരുന്നത് നിത്യ സംഭവം ആയിരുന്നു. അന്ന് ഇടത്പക്ഷ പ്രവർത്തകർ, യുവജനങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ 150 ലധികം പേരെ ഉൾപ്പെടുത്തി രാപ്പകൽ കാവൽ കമ്മിറ്റികൾ സംഘടിപ്പിക്കുകയും, സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നീയമത്തിന് മുമ്പിൽ കൊണ്ടുവരാനും സാധിച്ചിരുന്നു. നാട് ഒന്നടങ്കം കൊവിഡെന്ന മഹാമാരിയെ നേരിടുമ്പോൾ പട്ടണത്തിന്റെ ആരോഗ്യ മേഖലക്ക് തീർത്തും വെല്ലുവിളി ഉയർത്തുന്ന ഇത്തരക്കാരെ കണ്ടെത്താൻ നാട്ടുകാർ വീണ്ടും സംഘടിക്കണം. പോലീസിന്റെയും നഗരസഭയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അവനവഞ്ചേരി പ്രദേശത്ത് വീണ്ടും മുൻ കാലത്തിന് സമാനമായ രീതിയിൽ കാവൽ കമ്മിറ്റികൾ രൂപീകരിക്കുമെന്നും വാർഡ് കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപ് അറിയിച്ചു.
വാർഡ് രക്ഷാ കമ്മിറ്റി അംഗങ്ങളായ പ്രഭൻ, വാസുദേവൻ, റ്റി. ദിലീപ് കുമാർ, ജിനു, സജീവ് തുടങ്ങിയവരുടെ സംഘം പ്രദേശത്ത് നിലയുറപ്പിച്ചു.