ഇന്ന് ശാർക്കര കാളിയൂട്ട്. ഒൻപതു ദിവസത്തെ ആചാരനുഷ്ടാനങ്ങളോടെ അത്യധികം ആർഭാടമായാണ് ഇന്നും കാളിയൂട്ട് നടത്തുന്നത്. കഴിഞ്ഞ ഒൻപതു ദിനരാത്രങ്ങളിലായി ശാർക്കര ക്ഷേത്രത്തിൽ നടന്നു വന്ന കാളിയൂട്ട് മഹോത്സവത്തിന്റെ ചടങ്ങുകൾ ഇന്ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന നിലത്തില്പോരോടുകൂടി സമാപിക്കും. യുദ്ധത്തില് ദാരികനെ വെല്ലുവിളിച്ച് പൊരുതുന്ന ദേവി ദാരിക നിഗ്രഹം നടത്തുന്നു എന്നാണ് സങ്കല്പ്പം.
ക്ഷേത്രാങ്കണത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ മുടിയുഴിച്ചിൽ ചടങ്ങുകൾ നടന്നു. നൂറു കണക്കിന് ഭക്തജനങ്ങൾ നിറപറയിൽ അമ്മക്ക് നൈവേദ്യം സമർപ്പിക്കാനെത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് പറയിടുന്നതിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ടോക്കൺ അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു പറയിടാനുള്ള സംവിധാനങ്ങളാണ് ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇരുന്നൂറ്റി എഴുപത്തിമൂന്നാമത്തെ വർഷത്തെ കാളിയൂട്ട് മഹോത്സവത്തിന്റെ നിലത്തിൽ പോരിനാണ് ഇന്ന് ക്ഷേത്രാങ്കണത്തിൽ അരങ്ങുയരുന്നത്. തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ്, കായംകുളം രാജാവും ആയി യുദ്ധത്തിനു പുറപ്പെടും മുൻപ് ശാർക്കര ക്ഷേത്രത്തിൽ വെച്ച് നേർച്ച ആയി നടത്താമെന്ന് ഏറ്റു പറയുകയും യുദ്ധത്തിൽ ജയിച്ച രാജാവ് വർഷാവർഷം നടത്തി വരുന്ന ഒരു ഉത്സവമാണ് കാളിയൂട്ട് എന്നും ഐതിഹ്യമുണ്ട്.
കുറികുറിക്കൽ ചടങ്ങുകളോടെയാണ് കാളിയൂട്ട് ചടങ്ങുകൾക്ക് സമാരംഭം. ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള തുള്ളൽ പുരയിലാണ് കാളിയൂട്ടിന്റെ ഏഴു ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദൻ പുറപ്പാട്, നായർ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട്, മുടിയുഴിച്ചിൽ, നിലത്തിൽ പോര് എന്നിവയാണ് കാളിയൂട്ടിലെ ഒമ്പത് ദിവസത്തെ പ്രധാന ചടങ്ങുകൾ. ആറു ദിവസത്തെ ചടങ്ങുകൾ ക്ഷേത്രത്തിന് തെക്കു വശത്തുള്ള തുള്ളൽ പുരയിലാണ് നടന്നതെങ്കിൽ എട്ടാമത്തെയും ഒൻപതാം ദിവസത്തെയും മുടിയുഴിച്ചിലിന്റെയും നിലത്തിൽ പോരിന്റെയും ചടങ്ങുകൾ ക്ഷേത്രാങ്കണത്തിലും സമീപ പ്രദേശങ്ങളിലുമായാണ് നടക്കുന്നത്.