ശബരിമല മീനമാസ പൂജ - ഉത്രം മഹോത്സവം ; പ്രതിദിനം പതിനായിരം പേർക്ക് ദർശനാനുമതി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 12, വെള്ളിയാഴ്‌ച

ശബരിമല മീനമാസ പൂജ - ഉത്രം മഹോത്സവം ; പ്രതിദിനം പതിനായിരം പേർക്ക് ദർശനാനുമതി

 


 മീനമാസ പൂജ, ഉത്രം ഉത്സവക്കാലത്ത് ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് ദർശനാനുമതി. 5000 പേരെ  പ്രവേശിപ്പിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ  ബുക്ക് ചെയ്യുന്നവരില്‍ പകുതിയോളം  പേരും ദര്‍ശനത്തിന് എത്താതിരിക്കുന്നത് വലിയ വരുമാന നഷ്ടത്തിന് വഴി വെക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പതിനായിരം ഭക്തർക്ക് വീതം പ്രവേശനാനുമതി നൽകിയത്. 


ശബരിമല ദർശനത്തിന്  എത്തുന്നവര്‍ക്ക്, 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മാസം 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. sabarimalaonline.org എന്ന സൈറ്റിലാണ് ദർശനത്തിനായി  ബുക്ക് ചെയ്യേണ്ടത്.


മീനമാസ പൂജയ്ക്കായി ഈ മാസം 14ന് വൈകിട്ട്  5 മണിക്ക് ശബരിമല നട തുറക്കും. പത്ത്  ദിവസത്തെ ഉത്സവത്തിനായി മാർച്ച് 19ന് രാവിലെ 7.15നും 8നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. മേൽശാന്തി വി.കെ.ജയരാജ് പോറ്റി സഹകാർമികത്വം വഹിക്കും. ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ല. 

20 മുതൽ 27 വരെ ഉത്സവബലി ഉണ്ടാകും. 27ന് രാത്രി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. തിരിച്ചെത്തി ശ്രീകോവിലിനു പുറത്താണ് അയ്യപ്പന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച്  28ന് പമ്പയിൽ ആറാട്ട് നടക്കും. തിരിച്ചെഴുന്നള്ളി സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്കും. വിഷുവിനായി ക്ഷേത്രനട ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ഏപ്രിൽ 14 ന് ആണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി 18 ന് തിരുനട അടയ്ക്കും

Post Top Ad