ഓടിക്കൊണ്ടിരുന്ന ബസിൽ വിദ്യാർഥികളും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ വാക്കു തർക്കവും കയ്യാങ്കളിയും. കയ്യാങ്കളിക്കിടെ വിദ്യാർഥികൾ ഡ്രൈവറുടെ കഴുത്തിന് കുത്തിപിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചു നിന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം നെല്ലിമൂടിനു സമീപത്തു വച്ചായിരുന്നു സംഭവം. പരുക്കേറ്റ ഡ്രൈവർ രാജദാസും കണ്ടക്ടർ മധുസൂദനൻ നായരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. തിരുവനന്തപുരത്തു നിന്ന് പൂവാറിലേക്ക് വരികയായിരുന്നു ബസിൽ ബാലരാമപുരത്തു നിന്ന് കയറിയ വിദ്യാർഥികളാണു പ്രശ്നമുണ്ടാക്കിയതെന്നും ബസിൽ വച്ച് വിദ്യാർഥികൾ സംഘം ചേർന്ന് പെൺകുട്ടികളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് ആക്രമിക്കാൻ കാരണമായതെന്നു ബസിലെ ജീവനക്കാർ പൊലീസിനു മൊഴി നൽകി. അതേസമയം ഒപ്പം പഠിക്കുന്ന പെൺകുട്ടികളോട് സംസാരിച്ചപ്പോൾ ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറിയെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. ഇതു സംബന്ധിച്ചു ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നു പൊലീസ് അറിയിച്ചു.