രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണ നടപടികള്‍ കടുപ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്ക് ധരിക്കാത്തത് അടക്കം വിമാനത്താവളങ്ങളില്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് പിഴ ഈടാക്കാൻ സിജിസിഎ വിമാനത്താവള അധികൃതർക്ക് നിർദ്ദേശം നൽകി.
വിമാനത്താവളങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യാത്രികര്‍ മാസ്ക് കൃത്യമായി ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് 15നും 23നും ഇടയില്‍ മൂന്ന് വിമാനക്കമ്പനികളുടെ ആഭ്യന്തരസര്‍വീസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതിരുന്ന 15 യാത്രികര്‍ക്ക് മൂന്നു മാസം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും ഡിജിസിഎ അറിയിച്ചു. മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കി വിടണമെന്ന് ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.