ശബരിമല ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാവിലെ 7.15നും 8 നും മദ്ധ്യേ ക്ഷേത്രതന്തി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നു. ഉത്സവദിവസങ്ങളിൽ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നെള്ളത്ത് എന്നിവ നടക്കും. മാർച്ച് 27ന് രാത്രി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. തിരിച്ചെത്തി ശ്രീകോവിലിനു പുറത്താണ് അയ്യപ്പന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് മാർച്ച് 28ന് പമ്പയിൽ ആറാട്ട് നടക്കും. തിരിച്ചെഴുന്നള്ളി സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്കും. ശേഷം പൂജകളെ തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും.
വിഷുവിനായി ക്ഷേത്രനട ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ഏപ്രിൽ 14 ന് ആണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി 18 ന് തിരുനട അടയ്ക്കും
ഇന്ന് (മാർച്ച് 19 ) മുതൽ ആറാട്ട് ദിവസമായ മാർച്ച് 28 വരെ ഭക്തർക്ക് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് അയ്യപ്പ ദർശനം നടത്താം. ഉത്രം ഉത്സവക്കാലത്ത് ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് ദർശനാനുമതി നൽകിയിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്നവര്‍ക്ക്, 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. sabarimalaonline.org എന്ന സൈറ്റിലാണ് ദർശനത്തിനായി ബുക്ക് ചെയ്യേണ്ടത്.