വർക്കല ഹെലിപാഡിന് സമീപത്തെ റിസോർട്ടിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് റിസോർട്ടിൽ ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ദ്ധർ പരിശോധന നടത്തി. നെഹ്റു എയ്റോനോട്ടിക് എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന തമിഴ്നാട് ഡിണ്ടിഗൽ കരിക്കലി ഗുസിലിയാം പാറൈയിൽ ദഷ്റിതയാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ഓടെ ദഷ്റിതയെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപാഠികളും റിസോർട്ട് നടത്തിപ്പുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ ഇന്നലെ രാവിലെ തന്നെ വർക്കല സ്റ്റേഷനിൽ എത്തി. ദഷ്റിതയുടെ മാതാവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് തയ്യാറാക്കി. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.
ദഷ്റിത ആസ്മ രോഗിയാണെന്നും ഹോമിയോ മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. അടച്ചിട്ട മുറിയിൽ കഴിയുന്നത് ദഷ്റിതയ്ക്ക് ശ്വാസംമുട്ട് ഉണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. റിസോർട്ടിൽ ഇവർ താമസിച്ചിരുന്നത് എ.സി മുറിയിലാണ്. ഇതൊക്കെയാവാം ദഷ്റിതയ്ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവാൻ ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് വർക്കല പൊലീസ് പറഞ്ഞു.