പള്ളിപ്പുറത്തെ സ്വർണ കവർച്ച ; മുൻ ഡ്രൈവർ അറസ്റ്റിൽ ; പോലീസ് അന്വേഷണം ഊർജിതമാക്കി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

പള്ളിപ്പുറത്തെ സ്വർണ കവർച്ച ; മുൻ ഡ്രൈവർ അറസ്റ്റിൽ ; പോലീസ് അന്വേഷണം ഊർജിതമാക്കി

  പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം   ദേശീയപാതയിൽ രാത്രിയിൽ കാർ തടഞ്ഞ് ജ്വല്ലറി ഉടമയെ  വെട്ടി പരിക്കേൽപ്പിച്ച്  100 പവൻ തട്ടിയെടുത്ത കേസിൽ വ്യാപാരിയുടെ മുൻ ഡ്രൈവർ ഗോപനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.  ഇക്കഴിഞ്ഞ വെള്ളിയാഴ്ച  രാത്രി എട്ടോടെയാണ് സംഭവം.  സ്വർണ ഉരുപ്പടികൾ നിർമ്മിച്ച് ആഭരണകടക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്താണ് പിടിച്ച് പറിക്കിരയായത്. 


കാറിൽ പാറശാല ഭാഗത്ത് നിന്ന് ആറ്റിങ്ങലേക്ക് വരികയായിരുന്ന  സമ്പത്തിനെയും ഒപ്പംമുണ്ടായിരുന്ന ഡ്രൈവർ അരുൺ, ലക്ഷ്‌മണൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ കാറിനെ പിൻതുടർന്ന്  രണ്ടുകാറിലായി എത്തിയ  സംഘം ടെക്നോസിറ്റിക്കടുത്ത് വച്ച് കാർ തടഞ്ഞ് സമ്പത്തിന്റെ മുഖത്ത് മുളക് പൊടി വിതറി കൈയിൽ വെട്ടിയ ശേഷമാണ് 788 ഗ്രാമോളം സ്വർണം തട്ടിയെടുത്തത്. അതിനു ശേഷം അരുണിനെയും ലക്ഷ്‌മണയെയും തട്ടിക്കൊണ്ടുപോയി.  അതേസമയം  സ്വർണവ്യാപാരിയുടെ ബന്ധു ലക്ഷ്‌മണയുടെയും ഡ്രൈവറുടെയും മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.


അരുണിനെയും ലക്ഷ്‌മണയെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നായിരുന്നു മൊഴി. എന്നാൽ ഇരുവരെയും പോത്തൻകോടിന് സമീപം വാവറഅമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷ്‌മണൻ അവിടെ നിന്നും ഓട്ടോയിൽ കയറി ആറ്റിങ്ങലിലെത്തി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്വർണക്കവർച്ചക്കായി തമിഴ്നാട്ടിലെത്തിയ മലയാളികൾ ഉൾപ്പെടുന്ന സംഘത്തെ കഴിഞ്ഞയാഴ്ച തമിഴ്നാട് പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും വിട്ടയച്ചിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 


അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് തൊട്ടടുത്ത ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ സംശയകരമായ നിലയിൽ പാർക്ക് ചെയ്‌തിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് വിവിധ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ സമ്പത്ത് കേരളത്തിലും തമിഴ്നാട്ടിലും സ്വർണം വിൽക്കുന്നുണ്ട്. ഇയാളുടെ യാത്രകളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന ഒരാൾ ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറാനാണ് സാദ്ധ്യത. സൈബർ സംഘത്തെക്കൂടി ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.  


Post Top Ad