ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

 


ആറ്റിങ്ങൽ നഗരസഭ തയ്യാറാക്കുന്ന കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റെറിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ - യുവജനക്ഷേമ ബോർഡ് വോളന്റിയർമാർ സജീവമായി. നഗരസഭ കൗൺസിലറും ഡി.വൈ.എഫ്.ഐ നേതാക്കളുമായ ആർ.എസ്. അനൂപ്, എസ്.സുഖിൽ, വി.എസ്. നിതിൻ എന്നിവർ  വോളന്റിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 


കൊവിഡ് ജാഗ്രത പ്രവർത്തനത്തിന് പ്രത്യേകം പരിശീലനം ലഭിച്ച 30 വോളന്റിയർമാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ചെയർപേഴ്സന് കൈമാറിയിരുന്നു. കഴിഞ്ഞ പ്രളയത്തിലും, കൊവിഡ് ഒന്നാം ഘട്ട വ്യാപന സമയത്തും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവർ നഗരസഭയോടൊപ്പം ചേർന്ന് ചെയ്തത്. തുടർന്നും നഗരസഭ നടപ്പിലാക്കുന്ന കൊവിഡ് ജാഗ്രത പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.സംസ്ഥാനം നേരിട്ടിരുന്ന നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ഡി.വൈ.എഫ്.ഐ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. ആറ്റിങ്ങൽ പട്ടണത്തിലെ പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾക്ക് നഗരസഭയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ബ്ലോക്ക് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പിടിപ്പെട്ട ഈ പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനത്തൊട്ടാകെ ഡി.വൈ.എഫ്.ഐ നടപ്പിലാക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ വാരത്തിന് ഇന്ന് തുടക്കം കുറിച്ചു. 


 


കൊവിഡ് ബാധിച്ച  നഗരസഭ വാർഡ് 8 കൊച്ചാലുംമൂട് സ്വദേശിയായ   പത്താം ക്ലാസുകാരനെ പരീക്ഷ എഴുതാനായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ  സി.എസ്.ഐ സ്‌കൂളൂലെത്തിച്ചു.   കൂടാതെ മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ വീട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചിറ്റാറ്റിൻകര സ്വദേശിയായ പത്താം ക്ലാസുകാരനെയും അവനവഞ്ചേരി സ്കൂളിൽ പരീക്ഷക്കെത്തിച്ചു.  വാർഡ് കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റുമായ ആർ.എസ്.അനൂപ്, ഈസ്റ്റ് മേഖല സെക്രട്ടറി അനസ്.ഇ, പ്രസിഡന്റ് അഖിൽ എന്നിവരാണ് പരീക്ഷയെഴുതാൻ കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചത്.


 കൊവിഡ് ബാധിച്ച് പരീക്ഷക്കെത്താൻ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാൻ വേണ്ടി ഡി.വൈ.എഫ്.ഐ സംസ്ഥാന തലത്തിൽ 'സ്നേഹ യാത്ര' എന്ന പരിപാടി രൂപീകരിച്ചിരുന്നു. ജില്ലയിലെ എല്ലാ ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലും ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.  ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ സുരക്ഷിതമായി സ്കൂളിലെത്തിക്കാനും പട്ടണത്തിലെ പ്രവർത്തകർ സജീവമാണെന്നും ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് പറഞ്ഞു.


Post Top Ad