കൊവിഡ് ബാധിച്ച ഹയർസെക്കൻഡറി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കി ആറ്റിങ്ങൽ നഗരസഭ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കൊവിഡ് ബാധിച്ച ഹയർസെക്കൻഡറി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കി ആറ്റിങ്ങൽ നഗരസഭ

 


ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനികൾക്കാണ് പരീക്ഷ എഴുതാനുള്ള ഭൗതിക സാഹചര്യം നഗരസഭയും സ്കൂൾ അധികൃതരും ഒരുക്കിയത്. പണ്ടകശാല, കുളമുട്ടം സ്വദേശിനികളായ രണ്ട് കുട്ടികളും രോഗം ബാധിച്ചതിനാൽ ഹോം ഐസൊലേഷനിൽ ആയിരുന്നു. കൊവിഡ് പ്രതിരോധ വസ്ത്രം ധരിച്ചെത്തിയ കുട്ടികൾക്ക് നഗരസഭ ആരോഗ്യ വിഭാഗം പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കുകയായിരുന്നു. 


വിദ്യാർത്ഥിനികളിൽ ഒരാൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കി റിവേഴ്സ് ക്വാറന്റൈനിൽ തുടരുകയാണ്. കൂടാതെ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ നിർദ്ദേശപ്രകാരം ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. അഭിനന്ദ്, ജി.എസ്. മഞ്ചു എന്നിവരുടെ സംഘം പിപി കിറ്റ് ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ വസ്തുക്കൾ സ്കൂൾ പരീക്ഷ ഉദ്യോഗസ്ഥന് കൈമാറി. സ്കൂളും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു.


329 ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് സ്കൂളിൽ പരീക്ഷക്കെത്തുന്നത്. ഇവരെ സുരക്ഷിതമായി പരീക്ഷയിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യമാണ് നഗരസഭക്ക് ഉള്ളത്. അതിനാൽ പൊതുജനങ്ങൾ അനാവശ്യ ആശങ്ക ഒഴിവാക്കി തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ചെയർപേഴ്സൺ അറിയിച്ചു.

Post Top Ad