ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ പഠന നിലവാരം വിലയിരുത്തി ഗ്രേഡിംഗ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 14, ബുധനാഴ്‌ച

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ പഠന നിലവാരം വിലയിരുത്തി ഗ്രേഡിംഗ്

 


കോവിഡിന്റെ പശ്ചാത്തലത്തിൽ   ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകുമെങ്കിലും നിരന്തര, വർഷാന്ത വിലയിരുത്തലുകൾക്കുശേഷം കുട്ടികൾക്ക് ഗ്രേഡ് നൽകും. കുട്ടികൾക്കാവശ്യമായ പഠനപിന്തുണ ഉറപ്പാക്കാനാണ് ഗ്രേഡ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ നടന്നുവരുന്ന ഫസ്റ്റ് ബെൽ ക്ലാസുകൾ പൂർത്തിയാകുന്ന മുറയ്ക്കാവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുക. പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, യൂണിറ്റ് വിലയിരുത്തൽ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിരന്തര വിലയിരുത്തൽ നടത്തി ഗ്രേഡ് നൽകുക.


വീഡിയോക്ലാസുകൾ കണ്ട് കുട്ടികൾ തയ്യാറാക്കിയ പഠനക്കുറിപ്പുകളും അസൈൻമെന്റുകൾ പൂർത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കും. പഠനകാര്യത്തിൽ കുട്ടി എവിടെ നിൽക്കുന്നുവെന്നാണ് വർഷാന്ത വിലയിരുത്തലിലൂടെ കണ്ടെത്തുന്നത്. ഇതിനായി പഠനമികവുരേഖ കാർഡ് രൂപത്തിൽ കുട്ടികൾക്ക് ലഭ്യമാക്കും. ഇത് വിലയിരുത്തിയാണ് ഗ്രേഡ് നൽകുക. ബി.ആർ.സി.കളിൽനിന്ന് നൽകുന്ന പഠനമികവുരേഖ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്ക് നൽകും.


വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി പ്രൊമോഷൻ പട്ടിക മേയ് 20-നകം പ്രസിദ്ധീകരിക്കാനും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ നിർദേശം നൽകി. ഏപ്രിൽ 24-നകം എസ്.ആർ.ജി. യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി അടുത്ത അധ്യയനവർഷത്തെ കാര്യങ്ങൾ ആസൂത്രണംചെയ്യും.


ഏപ്രിൽ 26-നകം പി.ടി.എ. ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും പഠനമികവുരേഖ കുട്ടികൾക്ക് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയുംവേണം. പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികൾക്ക് പ്രവർത്തനങ്ങൾ റിസോഴ്സ് അധ്യാപകരെക്കൂടി ഉൾപ്പെടുത്തി ആസൂത്രണം ചെയ്യും. പഠനമികവുരേഖ മേയ് പത്തിനകം വിദ്യാലയങ്ങളിൽ തിരികെ വാങ്ങി സ്കോർ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

Post Top Ad