അഖില കേരള പ്രൊഫഷണല്‍ നാടകോത്സവത്തില്‍ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

അഖില കേരള പ്രൊഫഷണല്‍ നാടകോത്സവത്തില്‍ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവ്

 


സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ പത്തനാപുരം ഗാന്ധിഭവൻ സാംസ്ക്കാരിക കേന്ദ്രം നടത്തിയ അഖില കേരള പ്രൊഫഷണല്‍ നാടകോത്സവത്തില്‍ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചനക്കുള്ള അവാർഡ് നേടി. കൊല്ലം അനശ്വരയുടെ സുപ്രീംകോർട്ട് എന്ന നാടകത്തിലെ ഗാനരചനക്കാണ് പുരസ്‌കാരം ലഭിച്ചത്. കോഴിക്കോട് സങ്കീര്‍ത്തനയുടെ 'വേനലവധി' മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനം നേടി. ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങള്‍'ക്കും തിരുവനന്തപുരം സംഘകേളിയുടെ 'മക്കളുടെ ശ്രദ്ധയ്ക്കു'മാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. ഒന്നാം സമ്മാനമായി അരലക്ഷം രൂപയുടെയും രണ്ടാം സമ്മാനമായി 40,000 രൂപയുടെയും മൂന്നാം സമ്മാനമായി 35,000 രൂപയുടെയും കാഷ് അവാര്‍ഡുകളും ഫലകവും നല്‍കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അറിയിച്ചു. 


ഏപ്രില്‍ 15 മുതല്‍ 22 വരെ കൊല്ലം സോപാനം ആഡിറ്റോറിയത്തിലായിരുന്നു നാടകോത്സവം സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട എട്ടു നാടകങ്ങളാണ് എട്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ പങ്കെടുത്തത്. വക്കം ഷക്കീര്‍, പയ്യന്നൂര്‍ മുരളി, കല്ലമ്പള്ളി കൃഷ്ണന്‍ നായര്‍, സി.ആര്‍. മനോജ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.


മറ്റ് പുരസ്‌കാരങ്ങള്‍; മികച്ച സംവിധായകന്‍: രാജീവന്‍ മമ്മിളി (നളിനാക്ഷന്റെ വിശേഷങ്ങള്‍), മികച്ച നാടകത്തിന്റെ സംവിധായകന്‍: രാജേഷ് ഇരുളം (വേനലവധി), മികച്ച നാടകരചന ഒന്നാം സമ്മാനം: ഹേമന്ത്കുമാര്‍ (വേനലവധി), രണ്ടാം സമ്മാനം: ഫ്രാന്‍സിസ് ടി. മാവേലിക്കര (നളിനാക്ഷന്റെ വിശേഷങ്ങള്‍), മികച്ച നടന്‍: സജി മൂരാട് (വേനലവധി), രണ്ടാമത്തെ മികച്ച നടന്‍: പ്രമോദ് വെളിയനാട് (നളിനാക്ഷന്റെ വിശേഷങ്ങള്‍), മികച്ച നടി: ശ്രീജ എന്‍.കെ. (തിരുവനന്തപുരം സംഘകേളി), രണ്ടാമത്തെ മികച്ച നടി: മല്ലിക (വേനലവധി), സംഗീതം: ഉദയകുമാര്‍ അഞ്ചല്‍ (കുരങ്ങുമനുഷ്യന്‍ - കൊല്ലം അശ്വതീഭാവന), ഗായിക: ശുഭ രഘുനാഥ് (കുരങ്ങുമനുഷ്യന്‍), രംഗപടം: ആര്‍ട്ടിസ്റ്റ് സുജാതന്‍ (നളിനാക്ഷന്റെ വിശേഷങ്ങള്‍), ദീപവിതാനം: ശശീന്ദ്രന്‍ വിളയാട്ടൂര്‍ (വേനലവധി), സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍: പ്രിയദര്‍ശിനി (നടി, വേനലവധി), നിഖില്‍ ബാബു (നടന്‍, കുരങ്ങുമനുഷ്യന്‍), സാമൂഹികപ്രസക്തിയുള്ള പ്രമേയം - അന്നം (കൊച്ചിന്‍ ചന്ദ്രകാന്ത).


അടുത്ത മാസം തിരുവനന്തപുരത്ത്  സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ഗാന്ധിഭവന്‍ കലാസാംസ്‌കാരികകേന്ദ്രം ചെയര്‍മാന്‍ കെ.പി.എ.സി. ലീലാകൃഷ്ണന്‍, സെക്രട്ടറി അനിൽ അഴാവീട്, കണ്‍ട്രോളിംഗ് ഓഫീസര്‍ ബി. പ്രദീപ്, ജൂറി അംഗങ്ങളായ പയ്യന്നൂര്‍ മുരളി, സി.ആര്‍. മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Post Top Ad