കൊല്ലത്ത് 'ദൃശ്യം' മോഡല്‍ കൊലപാതകം ; അമ്മയും സഹോദരനും അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 20, ചൊവ്വാഴ്ച

കൊല്ലത്ത് 'ദൃശ്യം' മോഡല്‍ കൊലപാതകം ; അമ്മയും സഹോദരനും അറസ്റ്റിൽ

 


കൊല്ലം അഞ്ചല്‍ ഏരൂരില്‍ ദൃശ്യം സിനിമ മാതൃകയിൽ കൊലപാതകം. രണ്ടര  വർഷം മുമ്പ് കാണാതായ യുവാവിനെ  അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി.  ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്.  ഷാജിയുടെ അമ്മ  പൊന്നമ്മയെയും സഹോദരന്‍ സജിന്‍ പീറ്ററിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 


 2018 -ൽ  നടന്ന കൊലപാതകത്തെ കുറിച്ച് പ്രതികളുടെ ബന്ധു പൊലീസിന് വിവരം നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.  ബന്ധുവായ മോഷണക്കേസ് പ്രതി ഇവരുടെ വീട്ടിൽ അടുത്തിടെ താമസിച്ചിരുന്നു. ഷാജിയുടെ അമ്മ  പൊന്നമ്മയിൽ നിന്നു കൊലപാതക വിവരം അറിഞ്ഞ  ഇയാൾ പോലീസിനെ അറിയിക്കുകയായിരുന്നു.


ബന്ധു നൽകിയ വിവരത്തെ തുടർന്ന് ഷാജിയുടെ സഹോദരനെ പോലീസ്  ചോദ്യം ചെയ്തു. കൊലപാതകകുറ്റം ഇയാൾ സമ്മതിച്ചു.  കുടുംബവഴക്കിനിടെ അബദ്ധം പറ്റിയതാണെന്നാണ് സഹോദരനും അമ്മയും പൊലീസിന് നല്‍കിയ മൊഴി.  കാണാതായ ഷാജി പീറ്റര്‍ മലപ്പുറത്ത് ജോലിക്ക് പോയിരിക്കുകയാണെന്നാണ് പ്രതികൾ ഇരുവരും  നാട്ടുകാരെ  പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.  


 അവിവാഹിതനായ ഷാജി പീറ്റര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവദിവസം കുടുംബവീട്ടില്‍ എത്തിയ സഹോദരന്‍ സജിന്‍ പീറ്റര്‍ ഷാജി പീറ്ററുമായി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ സജിന്‍ പീറ്റര്‍ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.  അമ്മയും സജിന്‍ പീറ്ററും കൂടി   വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.Post Top Ad