കോവിഡ് പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം ; വാർഡ് തലത്തിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കോവിഡ് പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം ; വാർഡ് തലത്തിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ്

 


ജില്ലയിൽ 45നു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വാർഡ് തലത്തിൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്നും കളക്ടർ പറഞ്ഞു.


വാക്സിനേഷന് അർഹരായവരുടെ എണ്ണം വാർഡ് അടിസ്ഥാനത്തിൽ ശേഖരിച്ചാകും വാക്സിനേഷൻ നൽകുക.  ഓരോ പ്രദേശത്തും പൊതുജനങ്ങൾക്ക് എത്തിച്ചേരാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യാംപ് സംഘടിപ്പിക്കും.  വാക്സിനേഷനെക്കുറിച്ച് അവബോധം നൽകുന്നതിനും കൂടുതൽ ആളുകളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ പ്രത്യേക അനൗൺസ്മെന്റ് സംവിധാനം ഏർപ്പെടുത്തും.  ആവശ്യമുള്ളിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മൊബൈൽ വാക്സിനേഷൻ സൗകര്യം പ്രയോജനപ്പെടുത്തും.


 വാർഡ്തല ഹെൽത്ത് - സാനിറ്റേഷൻ സമിതികളുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ, കോവിഡ് പരിശോധന, ബോധവത്കരണ പരിപാടികൾ ഊർജിതമാക്കും. സമ്പൂർണ വാക്‌സിനേഷൻ കൈവരിക്കുന്ന തദ്ദേശ സ്ഥാപന വാർഡുകളെയും തദ്ദേശ സ്ഥാപനങ്ങളേയും മാതൃകാ തദ്ദേശ ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.


കോവിഡ് പരിശോധന വ്യാപിപ്പിച്ചും എൻഫോഴ്സ്മെന്റ് നടപടി ശക്തമാക്കിയും അർഹതപ്പെട്ടവർക്ക് വാക്സിൻ എത്രയും വേഗം നൽകിയും പ്രതിരോധം ശക്തമാക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിലെ 45നു മുകളിൽ പ്രായമുള്ള ജീവനക്കാരെല്ലാം വാക്സിൻ സ്വീകരിക്കുകയും ആ വിവരം സ്ഥാപനത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയും വേണം.  ഇതു പൊതുജനങ്ങളിൽ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കും. എല്ലാ പ്രദേശങ്ങളിലും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ശക്തമാക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Post Top Ad