കോവിഡ് വാക്സിന്‍ വാങ്ങുന്നതിന് സംസ്ഥാനം നടപടി ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

കോവിഡ് വാക്സിന്‍ വാങ്ങുന്നതിന് സംസ്ഥാനം നടപടി ആരംഭിച്ചു


വാക്സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ടു വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്സിന്‍ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ആലോചിച്ച് വാക്സിന് ഓര്‍ഡര്‍ കൊടുക്കാന്‍ നടപടി എടുക്കും.

വാക്സിന്‍ നല്‍കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. 18 വയസു മുതല്‍ 45 വയസു വരെയുള്ളവര്‍ക്ക് മേയ് ഒന്നു മുതല്‍ ആരംഭിക്കണമെന്നാണ് കേന്ദ്രം അറിയിച്ചത്. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കും. അസുഖമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ വിദഗ്ധ സമിതിയെ ചുമലതപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ പേര്‍ക്കും എടുത്തത് കോവിഷീല്‍ഡ് വാക്സിനാണ്. ഇതിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതുകൊണ്ട് കുഴപ്പമില്ല. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വരുന്നവര്‍ക്ക് മാത്രമായിരിക്കും വാക്സിനെടുക്കാനാവുക. നേരത്തെ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും വാക്സിന്‍ നല്‍കാന്‍ പൊതുധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കാനും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷന്‍ സെഷനുകള്‍ ക്രമീകരിക്കും.  വാക്സിനുകള്‍ രോഗം വരാനുള്ള സാധ്യത 70 മുതല്‍ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാന്‍ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്സിനെടുത്ത ഒരാള്‍ക്ക് കോവിഡ് പിടിപെട്ടാല്‍, വാക്സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും. ഇന്ത്യയില്‍ ഇതുവരെ നടന്ന കോവിഡ് വാക്സിനേഷന്‍ ഐസിഎംആര്‍ പഠനവിധേയമാക്കിയപ്പോള്‍ 10,000ല്‍ 4 പേര്‍ക്ക് എന്ന നിരക്കില്‍ മാത്രമാണ് ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതായി കണ്ടെത്തിയത്.കോവിഡിനൊപ്പം ആശുപത്രികളില്‍ മറ്റു ചികിത്സകളും നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍മാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക്ക് ഫോഴ്സ് സംവിധാനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വീടിന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക്ക് ധരിക്കണം. കാറുകളില്‍ യാത്ര ചെയ്യുന്നവരും മാസ്‌ക്ക് ധരിക്കണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post Top Ad