പരീക്ഷ നടത്തിപ്പിനായി വിദ്യാലയങ്ങളിൽ സർവ്വ സുരക്ഷയൊരുക്കി ആറ്റിങ്ങൽ നഗരസഭ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

പരീക്ഷ നടത്തിപ്പിനായി വിദ്യാലയങ്ങളിൽ സർവ്വ സുരക്ഷയൊരുക്കി ആറ്റിങ്ങൽ നഗരസഭ

 


ആറ്റിങ്ങൽ പട്ടണത്തിൽ സർക്കാർ സ്വകാര്യ പൊതു വിദ്യാലയങ്ങളിൽ ഇന്നു മുതൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി ഹൈസ്കൂൾ പരീക്ഷകൾക്ക് വിദ്യാലയങ്ങളെ സജ്ജമാക്കി. 2040 വിദ്യാർത്ഥികളാണ് ഇത്തവണ പട്ടണത്തിലെ സ്കൂളുകളിൽ പരീക്ഷ എഴുതുന്നത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി സ്കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നഗരസഭയുടെയും സ്കൂൾ അധികൃതരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് 6 സ്കൂളുകളിലും സുഗമമായി പരീക്ഷകൾ നടത്താൻ സാധിക്കുന്നത്. 


ഗവ.ഹൈസ്കൂൾ അവനവഞ്ചേരി, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി, ഗവ.ഗേൾസ് ഹയർസെക്കൻഡറി, സി.എസ്.ഐ ഹയർസെക്കൻഡറി, വിദ്യാധിരാജ ഹയർ സെക്കൻഡറി, നവഭാരത് ഹയർ സെക്കൻഡറി എന്നീ 6 സ്കൂളുകളിലാണ് പരീക്ഷകൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 1219 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 821 കുട്ടികളുമാണ് ഇത്തവണ പരീക്ഷക്കെത്തുന്നത്. സർക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പട്ടണത്തിലെ എല്ലാ സ്കൂളുകളിലും പരീക്ഷ നടത്തുന്നത്. പരീക്ഷക്കെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് കൃത്യമായും പരിശോധിക്കും. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കുകയും കൂടാതെ പ്രത്യേകം തയ്യാറാക്കിയ ക്ലാസ് റൂമിൽ ഇവർക്ക് പരീക്ഷ എഴുതാനുള്ള സംവിധാനവും ഒരുക്കും. കൊവിഡ് പൊസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം പരീക്ഷ എഴുതാനുള്ള സാഹചര്യവും ഒരുക്കും.


വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിൽ ആറ്റിങ്ങൽ നഗരസഭ കൃത്യമായ ഇടപെടലുകളാണ് നഗരത്തിൽ ഇതുവരെ നടത്തിയിട്ടുള്ളത്. അതിനാൽ ഹയർസെക്കൻഡറി ഹൈസ്കൂൾ പരീക്ഷകൾ ക്ലേശരഹിതമായി പൂർത്തീകരിക്കുന്നതിന് നഗരസഭ ആരോഗ്യ വിഭാഗം സജ്ജമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ രക്ഷകർത്താക്കൾ, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പൂർണമായും നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു.


Post Top Ad