സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കും ; ആരോഗ്യ വകുപ്പ് മന്ത്രി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കും ; ആരോഗ്യ വകുപ്പ് മന്ത്രി

 


സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കുന്നതാണ്. 


ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരുന്നതാണ്. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിട്ടിലുള്ളവര്‍ക്ക് മാത്രമേ വീട്ടിലെ ചികിത്സയ്ക്ക് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


രോഗികളുടെ എണ്ണം കൂടിയാല്‍ ആവശ്യമെങ്കില്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കുന്നതാണ്. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും കൂട്ടുന്നതാണ്.


 വാക്‌സിനേഷനില്‍ കേരളം നന്നായി പ്രവര്‍ത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. 60 വയസ് കഴിഞ്ഞവരും 45 വയസിന് മുകളിലുള്ളവരും വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പു വരുത്തും. അതിനായി മാസ് കാമ്പയിന്‍ ആരംഭിക്കും. അതനുസരിച്ച് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഏപ്രില്‍ മാസത്തിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ നമുക്ക് നന്നായി പിടിച്ചുനിര്‍ത്താനാകും. ബാക് ടു ബേസിസ് കാമ്പയിന്‍ ശക്തമാക്കണം. എല്ലാവരും മാസ്‌ക് ധരിക്കണം. ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Post Top Ad