വിധിയെഴുത്തിനായി കേരളം നാളെ ബൂത്തിലേക്ക്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണച്ചൂടിന് പരിസമാപ്തി കുറിച്ചെങ്കിലും ഇന്ന് നിശബ്ദ പ്രചാരണം തുടരുന്നു.
രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. എല്ലാ ജില്ലകളിലും ഇന്ന് രാവിലെ തന്നെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. നിയോജക മണ്ഡലങ്ങളിൽ തയാറാക്കിയ സെന്ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം നടത്തുന്നത്.
വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും വോട്ടർ സ്ലിപ്പ് ലഭിക്കും. ഈ സ്ലിപ്പും സർക്കാർ അംഗീകൃത ഏതെങ്കിലും തിരിച്ചറിയൽ കാർഡും വോട്ട് രേഖപ്പെടുത്താൻ പോകുമ്പോൾ കയ്യിൽ കരുതണം. വോട്ട് ചെയ്യാൻ വോട്ടേഴ്സ് ഐഡി തന്നെ വേണമെന്നില്ല. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, സംസ്ഥാന/ കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/ പൊതുമേഖലാല കമ്പനികൾ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ, ബാങ്ക്/ പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല), പാൻ കാർഡ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സ്മാർട്ട് കാർഡ്, തൊഴിൽ പദ്ധതി ജോബ് കാർഡ്, കേന്ദ്ര സർക്കാർ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, എംപി/ എംഎൽഎ/ എംഎൽസി എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.