ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 28, ബുധനാഴ്‌ച

ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം


ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം.   കൊച്ചി കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു വച്ചായിരുന്നു  മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ ആക്രമണമുണ്ടായത്.    ഇന്ന്  രാവിലെ 10 മണിയോടെയാണു സംഭവം. അജ്ഞാതൻ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിനു പുറത്തേക്കു ചാടി.  വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ യുവതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്.  ഈ സമയം യുവതി  മാത്രമാണു കംപാർട്ടുമെന്റിൽ ഉണ്ടായിരുന്നത്.  കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ കമ്പാര്‍ട്ട്‌മെന്റിലെ വാതിലുകള്‍ അടച്ചശേഷം  ഇയാളുടെ പക്കലുണ്ടായിരുന്ന  സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു കുത്തുമെന്നു  ഭീഷണിപ്പെടുത്തി യുവതിയുടെ മാലയും വളയും ഊരി വാങ്ങി.  


പിന്നീട്  ട്രെയിനിലെ ശുചിമുറി ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. രക്ഷപെടാനായി  വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.  റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. 
Post Top Ad