ആറ്റിങ്ങലിൽ ഇന്ന് 3 കൊവിഡ് മരണം സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 16, ഞായറാഴ്‌ച

ആറ്റിങ്ങലിൽ ഇന്ന് 3 കൊവിഡ് മരണം സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: നഗരസഭ വാർഡ് 5 കരിച്ചയിൽ തെക്കേവിള വീട്ടിൽ ലളിത (65) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 9 ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ നഗരസഭയുടെ കൊവിഡ് ചികിൽസാ കേന്ദ്രത്തിൽ മാറ്റിയിരുന്നു. എന്നാൽ ആരോഗ്യ നില വഷളായതിനാൽ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുകയും, ഇന്ന് പുലർച്ചെ രോഗം മൂർച്ചിച്ച് ലളിതക്ക് മരണം സംഭവിക്കുകയും ആയിരുന്നു.

നഗരസഭ വാർഡ് 12 വലിയകുന്ന് മുനിസിപ്പൽ കോളനി കരക്കാച്ചിവിള വീട്ടിൽ രാജൻ (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 6 ന് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നഗരസഭ കൊവിഡ് ചികിൽസാ കേന്ദ്രത്തിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഹൃദ്രോഗി കൂടിയായ ഇയാളെ വിദഗ്ധ ചികിൽസക്കായി തൊട്ടടുത്ത ദിവസം എസ്.യു.റ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചയോടെ ഇയാളുടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇയാളുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

നഗരസഭ വാർഡ് 15 വലിയകുന്ന് ചരുവിള പുത്തൻവീട്ടിൽ ഷിജു (30) കൊവിഡ് ബാധിച്ച് മരിച്ചു. വൃക്കക്കും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അടിമയായിരുന്ന ഇയാൾക്ക് ഈ മാസം 6 നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ നില തകരാറിലായതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ രോഗം മൂർച്ചിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഷിജുവിന് മരണം സംഭവിച്ചു. ഈ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ നിർദ്ദേശപ്രകാരം നടപടികൾ പൂർത്തിയാക്കി വോളന്റിയർമാരും ബന്ധുക്കളും മൃതദേഹങ്ങൾ ഏറ്റുവാങ്ങി. 3 മൃതദേഹങ്ങളും നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിക്കും. നഗരത്തിൽ ഇതുവരെ 34 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വയോധികരും മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവരും, കുട്ടികളും കനത്ത ജാഗ്രത പാലിക്കണം. അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കി സ്വയം സുരക്ഷ ഉറപ്പാക്കണം. നഗരസഭയുടെയും പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും താലൂക്ക് ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ മാത്രമെ പട്ടണത്തിലെ മരണ നിരക്ക് പിടിച്ച് നിർത്താൻ സാധിക്കൂവെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad